തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി സർക്കാർ ആയിരം ചതുരശ്ര അടിയിൽ ഒറ്റനില വീടാണ് നിര്‍മിച്ചു നല്‍കും. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഭാവിയില്‍ രണ്ടാമത്തെ നിലകൂടിക്കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ വിളിച്ച സര്‍വകക്ഷിയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യോഗത്തില്‍ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതില്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു. ഭാവിയില്‍ രണ്ടാമത്തെ നിലകൂടി നിര്‍മിക്കാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുകയെന്നും അദ്ദേഹം വ്യക്തമാക്കി. വീടുകള്‍ ഒരേ രീതിയിലാകും നിര്‍മിക്കുക. ഗുണനിലവാരം ഉറപ്പുവരുത്തും. വിലങ്ങാടിലെ ദുരന്തബാധിതര്‍ക്കും പുനരധിവാസം ഉറപ്പാക്കും.
വിലങ്ങാട് മനുഷ്യ ജീവന് നഷ്ടപ്പെടാതിരുന്നത് സാമൂഹിക ഇടപെടല്‍ കൊണ്ട് കൂടിയാണ്. അത്തരത്തില്‍ ദുരന്ത മേഖലയില്‍ ഇടപെടാന്‍ ആവശ്യമായ ബോധവത്കരണ സംവിധാനം ഒരുക്കും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതുവായ ക്രമീകരണങ്ങള്‍ ഉണ്ടാകും. വീട് നഷ്ടപ്പെട്ടവര്‍ക്കാണ് പുനരധിവാസത്തില്‍ മുന്‍ഗണന നല്‍കുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാംഘട്ടത്തില്‍ പരിഗണിക്കും. പുനരധിവാസ പാക്കേജില്‍ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാന്‍ കഴിയുന്ന പരമാവധി പേര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തും.
എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്ക് താല്പര്യമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നല്‍കും. വടകകെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിന്റെ ഭാഗമായി സംരക്ഷിക്കും. ബാങ്കുകളില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും കടമെടത്തവരുണ്ട്. അവ എഴുതി തള്ളുകയെന്ന പൊതുനിലപാടിലാണ് ബാങ്കിങ് മേഖല ഇപ്പോള്‍ ഉള്ളത്. ഇക്കാര്യത്തില്‍ അവസാന തീരുമാനം ബാങ്ക് ഭരണ സമിതികളിലാണ് ഉണ്ടാകേണ്ടത്. റിസര്‍വ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ഇക്കാര്യത്തില്‍ ബന്ധപ്പെടും. സ്വകാര്യ വ്യക്തികള്‍ കടം ഈടാക്കുന്നത് പൊതുധാരണക്കെതിരാണ് എന്നതിനാല്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടും.