ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു: എറിക് ഗാർസെറ്റി

ഓക്‌സൺ ഹിൽ: ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ദിനം പ്രതി ശക്തമാകുകയാണെന്ന് ഇന്ത്യയിലെ യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മികച്ച അവസ്ഥയിലാണെന്നും ഗാർസെറ്റി പറഞ്ഞു. അമേരിക്കയിലെ ഏറ്റവും മെച്ചപ്പെട്ട കുടിയേറ്റ സമൂഹമാണ് ഇന്ത്യൻ-അമേരിക്കൻ സമൂഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ പ്രതിനിധി സംഘം പങ്കെടുക്കുന്ന സെലക്‌ട്‌യുഎസ്എ(SelectUSA) ഇൻവെസ്റ്റ്‌മെൻ്റ് ഉച്ചകോടിയുടെ ഭാഗമായി നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുവെയാണ് അദ്ദേഹം ഈ പരാമർശങ്ങൾ നടത്തിയത്.

ആയിരക്കണക്കിന് നിക്ഷേപകർ, കമ്പനികൾ, സാമ്പത്തിക വികസന സംഘടനകൾ (EDOകൾ), വ്യവസായ വിദഗ്ധർ എന്നിവരെ ബന്ധിപ്പിച്ച് ഇടപാടുകൾ നടത്തുന്നതിനും ബിസിനസ്സ് നിക്ഷേപം സുഗമമാക്കുന്നതിനുമുള്ള യുഎസിലെ ഏറ്റവും ഉയർന്ന പ്രൊഫൈൽ പരിപാടിയാണ് സെലക്‌ട്‌യുഎസ്എ ഇൻവെസ്റ്റ്‌മെൻ്റ് സമ്മിറ്റ്.

ഇന്ത്യയുടെ ജെഎസ്ഡബ്ല്യു സ്റ്റീൽ ടെക്സാസിലെ ബേട്ടണിൽ 140 മില്യൺ യുഎസ് ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗാർസെറ്റി.

“ഇപ്പോൾ, അമേരിക്കക്കാർക്ക് ഇന്ത്യൻ ബ്രാൻഡുകളുമായും ഇന്ത്യൻ കമ്പനികളുമായും കൂടുതൽ പരിചിതമായിക്കൊണ്ടിരിക്കുന്നു. നാം ഒരുമിച്ച് മൂന്നാം രാജ്യങ്ങളിൽ നിക്ഷേപങ്ങൾ നടത്തുന്നു. അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജം, കാലാവസ്ഥാ പരിഹാരങ്ങൾ, ഭാവിയുടെ അഭിവൃദ്ധി എന്നീ മേഖലകൾ ശാക്തീകരിക്കുന്നു,” ഗാർസെറ്റി പറഞ്ഞു.