97% മരണ നിരക്ക്, രോഗമുക്തി രാജ്യത്ത് തന്നെ അപൂര്‍വം; കേരളത്തിൽ പക്ഷേ സാധ്യമായി! കോഴിക്കോട്ടെ 14 കാരന് അമീബിക് മസ്തിഷ്‌ക ജ്വരം ഭേദമായി

കോഴിക്കോട്: ഏറ്റവും അപകടകരമായ രോഗാവസ്ഥയായ അമീബിക് മസ്തിഷ്‌ക ജ്വരം എന്ന അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ചാൽ അധികമാരും രക്ഷപ്പെടാറില്ല. രാജ്യത്ത് തന്നെ അപൂർവമായ നേട്ടം കേരളം ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്. അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട് കോഴിക്കോട് ചികിത്സയിലായിരുന്ന 14 വയസുകാരനാണ് രോഗമുക്തി നേടിയത്. ലോകത്ത് തന്നെ ഈ രോഗാവസ്ഥയിൽ നിന്ന് മുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

കോഴിക്കോട് പള്ളിക്കര സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രോഗം ഭേദമായ കുട്ടി ആശുപത്രി വിട്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് രോഗമുക്തി നേടിയത്. കുട്ടിയ്ക്ക് വേണ്ടി ആരോഗ്യ വകുപ്പ് മിൽറ്റൊഫോസിൻ എന്ന മരുന്ന് ജർമനിയിൽ നിന്ന് പ്രത്യേകമായി എത്തിച്ച് നല്‍കുകയും ചെയ്തു. മൂന്നാഴ്ച നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് രോഗമുക്തി നേടിയത്. നേരത്തെ തന്നെ രോഗം കണ്ടെത്താന്‍ സാധിച്ചതും ലഭ്യമായ ചികിത്സകള്‍ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താന്‍ സാധിച്ചതും കൊണ്ടാണ് ഇത് കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

More Stories from this section

family-dental
witywide