ഹൈദരാബാദ്: ഇന്ന് നാടകീയമായി അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. ശക്തമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലായിരുന്നു ജാമ്യം നേടാനായത്. മനഃപൂര്‍വമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമോ എന്നതില്‍ സംശയമുണ്ടെന്ന് ഹൈക്കോടതി സിംഗില്‍ ബെഞ്ച് അഭിപ്രായം പ്രകടിപ്പിച്ചു.
ഒരു പ്രമോഷന്റെ ഭാഗമായി ഒരിടത്ത് നടന്‍ പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തല്‍ക്കാലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരു ജനപ്രീയ താരം എന്നുള്ളതുകൊണ്ട് മാത്രം ഒരിടത്ത് പോകാനോ സിനിമയുടെ പ്രമോഷന്‍ നടത്താനോ പാടില്ലെന്ന തരത്തില്‍ അല്ലു അര്‍ജുനുമേല്‍ ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങള്‍ വയ്ക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.