ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് ഖത്തറില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ നാവികസേനയിലെ എട്ട് സൈനികരെ മോചിപ്പിച്ചു. 2022 ഓഗസ്റ്റിലാണ് ചാരവൃത്തി ആരോപിക്കപ്പെട്ട് ഇവര്‍ തടവിലാകുന്നതും തുടര്‍ന്ന് വധശിക്ഷയ്ക്കു വിധേയമായതും. ഇന്ത്യയുടെ നിര്‍ണായക നയതന്ത്ര ഇടപെടലിനെത്തുടര്‍ന്ന് വധശിക്ഷ മാറ്റി നീട്ടിയ ജയില്‍ ശിക്ഷയാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ രാജ്യത്തിന് ആശ്വാസമായ നിര്‍ണായക മോചനമായി മാറിയത്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം എല്ലാ നയതന്ത്ര മാര്‍ഗങ്ങളെയും അണിനിരത്തി അവരെ തിരികെ കൊണ്ടുവരാന്‍ നിയമസഹായം ക്രമീകരിക്കുമെന്ന് തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നതിന്റെ ഫലമായാണ് ഖത്തറിന്റെ ഭാഗത്തുനിന്നുണ്ടായ ഇപ്പോഴത്തെ നിര്‍ണായക നീക്കം.
പിടിയിലാകുന്നതിന് മുമ്പ് എട്ട് ഇന്ത്യന്‍ നാവിക സേനാംഗങ്ങളും ഖത്തര്‍ സായുധ സേനയെ സഹായിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. എട്ടുപേരില്‍ ഒരുകാലത്ത് ഇന്ത്യന്‍ യുദ്ധക്കപ്പലുകളുടെ കമാന്‍ഡര്‍മാരായ ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് 2022 ഓഗസ്റ്റില്‍ അറസ്റ്റിലായ സൈനികര്‍. ഖത്തറിന്റെ സായുധ സേനയ്ക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്ന ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ സ്ഥാപനത്തിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.