തിരുവനന്തപുരം: മുൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളിൽ പ്രതിഷേധിക്കുന്ന വനിതാ ഗുസ്തിക്കാരെ പിന്തുണയ്‌ക്കാത്തതിന് പ്രമുഖ കായികതാരങ്ങളായ പി ടി ഉഷയെയും മേരി കോമിനെയും വിമർശിച്ച് ഗുസ്തി താരം സാക്ഷി മാലിക്. തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാക്ഷി മാലിക്.
ഉറപ്പ് നൽകിയെങ്കിലും പിടി ഉഷയുടെയും മേരി കോമിൻ്റെയും പിന്തുണ ലഭിക്കാത്തതിൽ മാലിക് നിരാശ പ്രകടിപ്പിച്ചു. ഉഷയെയും മേരി കോമിനെയും തങ്ങളെപ്പോലുള്ള കായികതാരങ്ങൾ പ്രചോദനമായി ആഘോഷിച്ചെന്നും, എന്നാൽ എല്ലാമറിഞ്ഞിട്ടും വേദനിക്കുന്ന വനിതാ ഗുസ്തിക്കാർക്ക് വേണ്ടി അവർ ശബ്ദിച്ചില്ലെന്നും സാക്ഷി മാലിക് പറഞ്ഞു.
“പി ടി ഉഷ മാഡം ഞങ്ങളുടെ സമരസ്ഥലം സന്ദർശിച്ചിരുന്നു. ഞങ്ങളുടെ പ്രശ്‌നങ്ങൾ അവരോട് വിശദമായി പറഞ്ഞു… അവർക്ക് ഞങ്ങളെ പിന്തുണയ്ക്കാമായിരുന്നു.. എന്നാൽ ഞങ്ങൾക്കൊപ്പം നിൽക്കുമെന്നും എല്ലാ സഹായവും നൽകുമെന്നും ഉറപ്പ് നൽകിയിട്ടും അവർ മൗനം പാലിച്ചു,” മാലിക് പറഞ്ഞു.
ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രൂപീകരിച്ച മേൽനോട്ട സമിതിയിൽ അംഗമായിരുന്നു മേരി കോം.
പരാതിക്കാർ തങ്ങൾ നേരിട്ട അനുഭവങ്ങൾ തുറന്നു പറഞ്ഞപ്പോൾ മേരികോംവ ളരെ വൈകാരികമായാണ് കേട്ടിരുന്നതെന്ന് സാക്ഷിമാലിക് ഓർത്തു. പാനലിൽ ഉണ്ടായിരുന്നതിനാൽ ഓരോ വനിതാ ഗുസ്തിക്കാരുടെയും കഥകൾ കോം കേട്ടിരുന്നുവെന്നും അവർ പറഞ്ഞു. “കഥകൾ കേട്ട് അവർ വളരെ വികാരാധീനയായി… എന്നോട് ക്ഷമിക്കണം… എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു… ഞങ്ങളോടൊപ്പം നിൽക്കുമെന്ന് അവർ പറഞ്ഞു. പക്ഷേ, മാസങ്ങൾ കഴിഞ്ഞിട്ടും പരിഹാരമുണ്ടായില്ല,” സാക്ഷി മാലിക് കൂട്ടിച്ചേർത്തു.
മാലിക്, ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെയുള്ള മുൻനിര ഗുസ്തി താരങ്ങളാണ് ലൈംഗിക പീഡന ആരോപണങ്ങളിൽ ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തിയത്.
പിന്നീട്, ഭൂഷൻ്റെ സഹായി സഞ്ജയ് സിംഗ് ഡബ്ല്യുഎഫ്ഐ തലവനായി തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പുനിയ തൻ്റെ പത്മശ്രീ പുരസ്‌കാരം സർക്കാരിന് തിരികെ നൽകിയിരുന്നു. ഇതേ കാരണത്താൽ സാക്ഷി മാലിക്കും ഗുസ്തി ഉപേക്ഷിക്കുകയായിരുന്നു.