സാധാരണക്കാരിൽ ഒരാളായ ആത്മീയഗുരു… ആ ആത്മീയയാത്രയ്ക്ക് വിരാമമില്ല..

’എൻ്റെ പേര് കെ.പി. യോഹന്നാൻ, ഇത് ആത്മീയയാത്ര…’ എൺപതുകളിൽ രാവിലെ ആറര മണിക്ക് കേരളത്തിലെ മിക്കവാറും ക്രിസ്ത്യൻ വീടുകളിൽ നിന്നും മുഴങ്ങികേട്ട റേഡിയോ പരിപാടിയുടെ തലവാചകമായിരുന്നു ഇത്. അതിൻ്റെ വളരെ പരിചിതമായ ഇൻട്രോഡക്ഷൻ മ്യൂസിക് ഇന്നും മിക്കവരുടേയും ഓർമകളിൽ നിലനിൽക്കുന്നുണ്ട്. എന്നിട്ട്   ‘പ്രിയപ്പെട്ട അപ്പച്ചാ അമ്മച്ചീ’ എന്ന് അതിലളിതമായി ശ്രോതാക്കളെ അഭിസംബോധന ചെയ്തു കൊണ്ട് ഡോ. കെ.പി യോഹന്നാൻ സംസാരിക്കും. മധ്യതിരുവിതാംകൂർ മലയാളത്തിൽ  ആ മനുഷ്യൻ ഓരോരുത്തരോടും വർത്തമാനം പറയുന്ന രീതിയിൽ , കൊച്ചു കൊച്ചു ഉദാഹരണങ്ങൾ നിരത്തി പ്രസംഗിക്കും. വളരെ ജനപ്രിയമായ പരിപാടിയായിരുന്നു അത്.  ഒടുവിലൊരു പാട്ടുണ്ടായിരുന്നു…. ചാരായം.. കുടിക്കരുതേ… മാനം നശിച്ചിടും മാനക്കേട് ഭവിച്ചിടുമതുകൊണ്ട്  ചാരായം കുടിക്കരുതേ…. ഏറ്റവും ഒടുവിൽ വിലാസവും പറയും. ആത്മീയയാത്ര, മഞ്ഞാടി പിഒ , തിരുവല്ല.. വലിയ ബൈബിൾ വ്യാഖ്യാനങ്ങളോ കരിസ്മാറ്റിക് ധ്യാന പ്രസംഗമോ അദ്ദേഹം നടത്തിയിട്ടില്ല. സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏതു മനുഷ്യനും മനസ്സിലാകുന്ന രീതിയിൽ അദ്ദേഹം അവതരിപ്പിച്ചു. വളരെ പ്രയോഗിക ബുദ്ധിയുള്ള ഒരു  ആത്മീയ നേതാവ്. അദ്ദേഹത്തിന് വലിയ ആരാധകവൃന്ദം തന്നെയുണ്ടാക്കി കൊടുത്തു ആ റേഡിയോ പരിപാടി. 

ആ ആത്മീയയാത്രയാണ് പിന്നീട് ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ചായി വളർന്നത്. 
പ്രായോഗിക ക്രിസ്തീയ ജീവിതം എന്ന ആശമാണ് ബിലീവേഴ്സ് ചർച്ച് മുന്നോട്ടു വയ്ക്കുന്ന ആശയം. മനുഷ്യൻ്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുക എന്നതായിരുന്നു ആ ആശയത്തിന്റെ കാതൽ. സുവിശേഷം പറഞ്ഞതിനൊപ്പം തന്നെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ സഭ ഏർപ്പെട്ടു. ചികിൽസാ സംവിധാനം ഇല്ലാത്ത ഇന്ത്യൻ ഗ്രാമങ്ങളിൽ സഭ ടെലി മെഡിസിൻ ക്ളിനിക്കുകൾ നടത്തി. നിർധനരായ കുഞ്ഞുങ്ങൾക്ക് ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും നൽകുന്ന ബ്രിജ് ഓഫ് ഹോപ്, തെരുവിലെ കുഞ്ഞുങ്ങളെ പുരധിവസിപ്പിക്കാനും മാതാപിതാക്കളെ കണ്ടെത്താനുമുള്ള ചിൽഡ്രൻസ് ഹോമുകൾ, സ്വയം തൊഴിൽ  പരിശീലന പദ്ധതികൾ, നിർധനർക്ക് വീടുവച്ചു കൊടുക്കൽ, നിർധരനായ മൽസ്യത്തൊഴിലാളികൾക്ക് അതിജീവനത്തിന് ബോട്ട് വാങ്ങി നൽകൽ അങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്  അപ്രതീക്ഷിതമായി  വിടവാങ്ങിയ മാർ യോഹാൻ മെത്രാപ്പൊലീത്തയായിരുന്നു.. അദ്ദേഹം ഇല്ലെങ്കിലും ആ ആത്മീയയാത്ര അവസാനിക്കില്ല. ഒരു ജന്മം കൊണ്ട് ചെയ്യാവുന്നതിലേറെ സേവനം അദ്ദേഹം സാധാരണക്കാർക്കായി ചെയ്തിട്ടുണ്ട്. പല നോർത്ത് ഇന്ത്യൻ ഗ്രാമവീടുകളിലും അദ്ദേഹത്തിന്റെ ഫോട്ടോ സൂക്ഷിച്ചിട്ടുണ്ട്. അതേ ഭക്ഷണവും പാർപ്പിടവും മരുന്നും കൂടെ പ്രത്യാശയും പകരുന്ന സാന്നിധ്യമായി അദ്ദേഹം ഇനിയും അവരുടെ ഇടയിൽ കാണും. 

Remembering Dr KP Yohannan