
ഡൽഹി: ബജറ്റിൽ ലൈഫ്, മെഡിക്കൽ ഇൻഷുറൻസിന് ചുമത്തിയിരിക്കുന്ന ജിഎസ്‌ടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി നിർമല സീതാരാമന് കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്‌കരി കത്തയച്ചു. എൽഐസി നാഗ്‌പൂർ ഡിവിഷണൽ എംപ്ലോയീസ് യൂണിയൻ മന്ത്രിക്ക് നൽകിയ നിവേദനത്തിന് പിന്നാലെയാണ് ഗഡ്‌കരി കത്തയച്ചത്. എൽഐസി പ്രീമിയത്തിന് നേരത്തേ ജിഎസ്‌ടി ഇല്ലായിരുന്നുവെന്നും ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയത്തിന് ഇപ്പോൾ 18 ശതമാനമാണ് ജിഎസ്‌ടി ചുമത്തിയിരിക്കുന്നത്. 18 ശതമാനം നികുതി ചുമത്തിയത് എൽഐസിയുടെ വളർച്ചയെ ബാധിക്കും. ജിഎസ്‌ടി പിൻവലിക്കണമെന്നാണ് എംപ്ലോയീസ് യൂണിയന്റെ ആവശ്യം.
ലൈഫ്, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം എന്നിവയിൽ നിന്ന് ജിഎസ്‌ടി പിൻവലിക്കാൻ നിർദേശം നൽകാൻ ധനമന്ത്രിയോട് അഭ്യർത്ഥിക്കുന്നുവെന്നും മുതിർന്ന പൗരന്മാരെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഗഡ്‌കരി ധനമന്ത്രിക്ക് കത്തെഴുതിയതെന്നും ശ്രദ്ധേയം.