പ്രശസ്ത വേദശാസ്ത്ര പണ്ഡിതന്‍ ഫാ. ഡോ. ടി ജെ ജോഷ്വ അന്തരിച്ചു

കോട്ടയം: പ്രശസ്ത വേദശാസ്ത്ര പണ്ഡിതനും കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി മുന്‍ പ്രിന്‍സിപ്പലുമായ ഫാ. ഡോ. ടി ജെ ജോഷ്വ (95) അന്തരിച്ചു. എഴുത്തുകാരന്‍, പ്രഭാഷകന്‍, ദൈവശാസ്ത്ര ചിന്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു ജോഷ്വ. മലങ്കര സഭ ‘ഗുരുരത്‌നം’ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. അറുപതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഫാ. ഡോ. ടി ജെ ജോഷ്വ.

പത്തനംതിട്ട ജില്ലയിലെ കോന്നി കൊന്നപ്പാറ തെക്കിനേടത്ത് വീട്ടില്‍ ടി വി ജോണിന്റെയും റാഹേലിന്റെയും മകനായി 1929 ലാണ് ജനനം. കോട്ടയം സി എം എസ് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും ആലുവ യു സി കോളജില്‍ നിന്ന് ബി എയും കൊല്‍ക്കത്ത ബിഷപ്‌സ് കോളജില്‍നിന്ന് ബി ഡിയും നേടിയ ശേഷം അമേരിക്കയിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് എസ് ടി എം ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

1947 ല്‍ ഫാ. ഡോ. ടി ജെ ജോഷ്വക്ക് ശെമ്മാശപ്പട്ടം ലഭിച്ചു. 1956 ല്‍ വൈദികനായി. 1954 മുതല്‍ കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകനായി. കാതോലിക്കാ ബാവ ഉള്‍പ്പെടെയുള്ള മെത്രാന്മാരുടെയും വൈദികരുടെയും ഗുരു കൂടിയാണ് ഫാ. ഡോ. ടി ജെ ജോഷ്വ.