കൈവ്: റഷ്യയുടെ അധിനിവേശം തളര്‍ത്തിയ യുക്രെയിനില്‍ സര്‍ക്കാര്‍ പുനസംഘടന നടക്കുന്നുവെന്ന് സൂചന. ചൊവ്വാഴ്ച കാബിനറ്റ് മന്ത്രിമാരുള്‍പ്പെടെ ആറ് യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ രാജിക്കത്ത് സമര്‍പ്പിക്കുകയും ഒരു പ്രസിഡന്‍ഷ്യല്‍ സഹായിയെ പിരിച്ചുവിടുകയും ചെയ്തു. ദിവസേനയുള്ള റഷ്യന്‍ ബോംബാക്രമണം ഉള്‍പ്പെടെ വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികളെ രാജ്യം അഭിമുഖീകരിക്കുകയും റഷ്യയുടെ അധിനിവേശത്തിന് രണ്ടര വര്‍ഷമായി ഗവണ്‍മെന്റില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ പ്രസിഡന്റ് വോലോഡിമര്‍ സെലെന്‍സ്‌കി ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുനഃസംഘടന.
സ്ട്രാറ്റജിക് ഇന്‍ഡസ്ട്രീസ് മന്ത്രി, നീതിന്യായ മന്ത്രി, പരിസ്ഥിതി സംരക്ഷണ മന്ത്രി തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധി മന്ത്രിമാരാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ രാജി സമര്‍പ്പിച്ചത്. ഉപപ്രധാനമന്ത്രിമാരായ ഐറിന വെരേഷ്ചുക്കും ഓള്‍ഗ സ്റ്റെഫാനിഷിനയും സ്റ്റേറ്റ് പ്രോപ്പര്‍ട്ടി ഫണ്ടിന്റെ തലവന്‍ വിറ്റാലി കോവലും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു. സെലന്‍സ്‌കിയുടെ ഓഫീസിന്റെ ഡെപ്യൂട്ടി ഹെഡ്ഡും പ്രസിഡന്റിന്റെ പ്രധാന സഹായികളിലൊരാളുമായ റോസ്റ്റിസ്ലാവ് ഷുര്‍മയെയും പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം പിരിച്ചുവിട്ടു.
ഈ ആഴ്ച ഒരു പ്രധാന സര്‍ക്കാര്‍ പുനഃസംഘടന പ്രതീക്ഷിക്കാമെന്നും മന്ത്രിമാരുടെ ക്യാബിനറ്റ് സ്റ്റാഫിന്റെ 50 ശതമാനത്തിലധികം മാറ്റപ്പെടുമെന്നും പീപ്പിള്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി വിഭാഗത്തിന്റെ ഭരണകക്ഷിയുടെ തലവന്‍ ഡേവിഡ് അരാഖാമിയ ടെലിഗ്രാമിലൂടെ അറിയിച്ചു. മാത്രമല്ല, ‘നാളെ ഞങ്ങള്‍ക്ക് പിരിച്ചുവിടലുകളുടെ ഒരു ദിവസമുണ്ടാകും, അതിന് ശേഷമുള്ളത് നിയമനത്തിന്റെ ഒരു ദിവസമായിരിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുദ്ധം ആരംഭിച്ചതിനുശേഷം സെലെന്‍സ്‌കി നിരവധി പുനഃസംഘടനകള്‍ക്ക് ഉത്തരവിട്ടിട്ടുണ്ട്. 2019-ല്‍ ആരംഭിച്ച സെലന്‍സ്‌കിയുടെ ആദ്യ പ്രസിഡന്‍ഷ്യല്‍ കാലാവധി മെയ് മാസത്തില്‍ അവസാനിച്ചെങ്കിലും സൈനിക നിയമപ്രകാരം അദ്ദേഹം സ്ഥാനത്ത് തുടരുകയാണ്.