ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ മതപരമായ പ്രാര്‍ത്ഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 121 പേര്‍ മരിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്. അമിതമായി ആളുകള്‍ എത്തിയിരുന്നുവെന്നും തിരക്ക് വര്‍ദ്ധിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോര്‍ട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം യോഗി ആദിത്യനാഥ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് മുഖ്യമന്ത്രി ആദിത്യനാഥ് ഇന്ന് പരിശോധിച്ചേക്കും.
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ആഗ്ര) അനുപം കുല്‍ശ്രേഷ്ഠ, അലിഗഡ് ഡിവിഷണല്‍ കമ്മീഷണര്‍ ചൈത്ര വി എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ‘ഭോലെ ബാബ’ എന്ന് വിളിക്കപ്പെടുന്ന നാരായണ്‍ സാകര്‍ ഹരിയുടെ സത്സംഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഉള്‍പ്പെടെ 128 സാക്ഷികളുടെ മൊഴികളുണ്ട്.
അതേസമയം, സ്വയം പ്രഖ്യാപിത ആള്‍ദൈവം ഭോലെ ബാബയ്ക്കും സഹായികള്‍ക്കും ദുരന്തം തടയാമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞതായി ചില റിപ്പോര്‍ട്ടുകള്‍ പുത്തുവരുന്നു.
സത്സംഗവുമായി ബന്ധപ്പെട്ട് 80,000ത്തോളം ആളുകള്‍ എത്തേണ്ടിടത്ത് 2 ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. ജൂലൈ രണ്ടിന് നടന്ന പരിപാടിയുടെ മുഖ്യ സംഘാടകന്‍ ദേവപ്രകാശ് മധുകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, സ്വയം പ്രഖ്യാപിത ആള്‍ദൈവം നാരായണ്‍ സാകര്‍ ഹരിയെ എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഇയാള്‍ ഒളിവിലാണ്.
പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തിന് പുറമേ, വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ പാനലും ദുരന്തത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.