‘കമല ഹാരിസ് വിജയിക്കില്ലെന്ന് അദ്ദേഹത്തിന് അറിയാം’; മാർക്ക് കെല്ലി സ്ഥാനാർത്ഥിയാകാൻ ഒബാമ ആഗ്രഹിച്ചെന്ന് ബൈഡന്റെ ബന്ധു

ന്യൂയോർക്ക്: യുഎസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനിയായി കമല ഹാരിസിനെ പിന്തുണയ്ക്കാതെ മുൻ പ്രസിഡന്റ് ബരാക് ഒബാമ. കമല ഹാരിസ് വിജയിക്കില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഒബാമ അവരെ പിന്തുണയ്ക്കാത്തതെന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ കുടുംബാംഗം പ്രതികരിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

“ഒബാമ വളരെ അസ്വസ്ഥനാണ്, കാരണം കമല ഹാരിസിന് വിജയിക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിനറിയാം,” ബൈഡന്റെ കുടുംബ വൃത്തങ്ങൾ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.

“കമല വെറും കഴിവുകെട്ടവളാണെന്ന് ഒബാമയ്ക്ക് അറിയാം. എല്ലാ കുടിയേറ്റക്കാർക്കും ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കണമെന്ന് അതിർത്തി സന്ദർശിച്ചിട്ടില്ലാത്ത അവർ പറയുന്നു. അവർക്ക് മുന്നോട്ടു പോകാനാകില്ല. നിങ്ങൾ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ പറയാവുന്ന കാര്യങ്ങളും പറയരുതാത്ത കാര്യങ്ങളും ഉണ്ട്.”

അടുത്ത മാസം ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷൻ നടക്കുമ്പോൾ അരിസോണ സെനറ്റർ മാർക്ക് കെല്ലിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് ഒബാമ ആഗ്രഹിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

“ഒബാമ രോഷാകുലനാണ്. കാര്യങ്ങൾ അദ്ദേഹം വിചാരിച്ച രീതിയിൽ പോയില്ല. അതിനാലാണ് കമല ഹാരിസിൻ്റെ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണയിൽ അദ്ദേഹം പങ്കുചേരാത്തത്,” വൃത്തങ്ങൾ പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, കമലാ ഹാരിസിന് ഉടൻ പിന്തുണ പ്രഖ്യാപിക്കാന ബരാക് ഒബാമ തീരുമാനിച്ചിരിക്കുന്തനായി എൻബിസി ന്യൂസ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.