ന്യൂഡല്‍ഹി: ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാലയ്ക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ അവസാനമായിരുന്നു ആക്രമണം നടത്തിയത്. പര്‍ച്ചിന്‍ മിലിട്ടറി കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന പരീക്ഷണകേന്ദ്രം പൂര്‍ണമായും തകര്‍ന്നതായി യു.എസ്. മാധ്യമമായ ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
ആണവായുധങ്ങള്‍ സജ്ജമാക്കാനുള്ള ഇറാന്റെ ഒരു കൊല്ലത്തെ രഹസ്യപ്രവര്‍ത്തനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഇതോടെ മങ്ങലേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രാജ്യത്തിന് ആണവായുധങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളില്ലെന്നും അത് പിന്തുടരുന്നില്ലെന്നും ശക്തമായി നിഷേധിച്ചു. ഇസ്രായേലി, യുഎസ് ഉദ്യോഗസ്ഥര്‍ പറയുന്നത് ശരിയല്ലെന്നും അബ്ബാസ് ആരോപിച്ചു.
ആക്സിയോസ് റിപ്പോര്‍ട്ട് അനുസരിച്ച്, തകര്‍ക്കപ്പെട്ട തലേഗാന്‍ 2 കേന്ദ്രം ഒരിക്കല്‍ ഇറാന്റെ അമദ് ആണവായുധ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും 2003 ല്‍ ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചുവെന്നും വ്യക്തമാക്കുന്നു.