
തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ എം.വി നികേഷ് കുമാര്‍ രാജിവെച്ചു. ചാനല്‍ പുതിയ രൂപത്തില്‍ ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്നുള്ള നികേഷിന്റെ രാജി. 28 വര്‍ഷത്തെ മാധ്യമ ജീവിതത്തോട് വിടപറഞ്ഞാണ് അദ്ദേഹം ഇനി രാഷ്ട്രീയത്തിലേക്ക് സജീവമായി പ്രവേശിക്കാനൊരുങ്ങുന്നത്. കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
പ്രമുഖ കമ്മ്യൂണിസ്റ്റും സിഎംപി സ്ഥാപകനുമായിരുന്ന എം.വി.രാഘവന്റെ മകനാണ് എം.വി.നികേഷ് കുമാര്‍. മാധ്യമപ്രവര്‍ത്തനത്തിന്റെ തുടക്ക കാലത്ത് ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറായി ജോലി ചെയ്തു. ഡല്‍ഹിയില്‍ നിന്ന് അക്കാലത്ത് ഏറെ ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ നികേഷ് കുമാര്‍ നല്‍കിയിട്ടുണ്ട്. ഏഷ്യാനെറ്റ് വിട്ട ശേഷം നികേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യ വിഷന്‍ ചാനല്‍ ആരംഭിക്കുന്നത്. കേരളത്തില്‍ പുതിയ വാര്‍ത്ത സംസ്കാരം കൊണ്ടുവന്ന ചാനലായിരുന്നു നികേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ വിഷന്‍. പിന്നീട് റിപ്പോര്‍ട്ടര്‍ ചാനല്‍ ആരംഭിച്ചു. സാമ്പത്തികമായി വിജയക്കാന്‍ റിപ്പോര്‍ട്ടര്‍ ചാനലിന് സാധിച്ചില്ല. അടുത്ത കാലത്താണ് പുതിയ നിക്ഷേപങ്ങളിലൂടെ റിപ്പോര്‍ട്ടര്‍ ചാനല്‍ അത്യാധുനിക സംവിധാനങ്ങളോടെ പുനഃസംപ്രേക്ഷണം അരംഭിച്ചത്. റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് എത്തിയ നിക്ഷേപങ്ങളെ കുറിച്ചും ഓഹരി കൈമാറ്റത്തെ കുറിച്ചുമൊക്കെ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന്റെ പരിശോധനകള്‍ തുടരുന്നതിനിടയില്‍ കൂടിയാണ് നികേഷ് കുമാര്‍ പടിയിറങ്ങുന്നത്.