ഖമനേയിയുടെ ആരോഗ്യാവസ്ഥയിലെ ആശങ്ക തള്ളി ഇറാൻ; ‘കോമയിലല്ല, പൂർണ ആരോഗ്യവാൻ’, ചിത്രം പുറത്തുവിട്ടു

ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കോമയിലാണെന്ന റിപ്പോർട്ടുകൾ തള്ളി ഇറാൻ. കഴിഞ്ഞ ദിവസം ലെബനനിലെ ഇറാൻ അംബാസിഡറുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മാധ്യമ റിപ്പോർട്ടുകളെ ഇറാൻ തള്ളിയത്. വെള്ളിയാഴ്ച മുതല്‍ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ ഖമനെയിയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിക്കുന്ന റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബർ 27നാണ് 85കാരനായ ആയത്തൊള്ള അലി ഖമനെയിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. ഇതിനെ പിന്‍പറ്റിയാണ് വെള്ളിയാഴ്ച മുതല്‍ എക്സ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ആയത്തൊള്ള ഖമനെയി കോമയിലാണെന്ന വ്യാപക പ്രചാരണം ആരംഭിച്ചത്. നേരത്തെ, ഹിസ്‌ബുള്ള തലവന്‍ ഹസന്‍ നസ്റള്ള കൊല്ലപ്പെട്ട ഘട്ടത്തില്‍, മരണം ആദ്യമായി റിപ്പോർട്ടുചെയ്ത മാധ്യമങ്ങളില്‍ ചിലതും ഈ വാർത്തയെ ശരിവെച്ചതോടെ പശ്ചിമേഷ്യയില്‍ അലി ഖമനെയിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

എന്നാൽ അലി ഖമെനേയിയുടെ ഓഫീസ് ഉദ്യോഗസ്ഥർ ഈ വാർത്തകൾ തള്ളിക്കൊണ്ട് വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു ആയത്തൊള്ള അലി ഖമെനേയിയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് മാസങ്ങളായി നിലനിൽക്കുന്ന റിപ്പോർട്ടുകളെ ഉദ്യോഗസ്ഥർ തള്ളിയത്. ലെബനനിലെ ഇറാൻ അംബാസിഡറായ മൊജ്‌താബ അമാനിയുമായി സംസാരിക്കുന്ന ഖമനെയിയുടെ ചിത്രങ്ങളാണ് എക്സിലൂടെ പങ്കുവെച്ചത്.

സെപ്റ്റംബറിൽ ഇസ്രയേൽ നടത്തിയ പേജർ സ്ഫോടനത്തിൽ മൊജ്‌താബ അമാനിക്കും പരുക്കേറ്റിരുന്നു. അമാനി പൂർണ ആരോഗ്യവാനായ സാഹചര്യത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ച. അമാനിയുടെ മുഖത്ത് പരുക്കേറ്റ പാടുകളും ദൃശ്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ എക്സ് ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഖമേനി കോമയിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും വ്യാപകമായി പ്രചരിച്ചിരുന്നു. പ്രധാനമായും ഇസ്രയേലി മാധ്യമങ്ങളാണ് ഖമേനി കോമയിലെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ആയത്തുള്ള അലി ഖമേനി അവസാനമായി പൊതുവേദിയിലെത്തിയത് നവംബർ ഏഴിനാണെന്ന് ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് ഇസ്രയേൽ മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നത്.

More Stories from this section

family-dental
witywide