മരുന്നുകളുടെ വില വർധന: വാർത്തകൾ തെറ്റെന്ന് കേന്ദ്രം, കള്ളങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം

ന്യൂഡൽഹി: 2024 ഏപ്രിൽ മാസം മുതൽ മരുന്നുകൾക്ക് 12 ശതമാനം വില വർധിച്ചുവെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് കേന്ദ്രം. വില വർധന സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾ വ്യാജവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണന്ന് കേന്ദ്ര സർക്കാർ ആരോപിച്ചു.

“2024 ഏപ്രിൽ മുതൽ മരുന്നുകളുടെ വില 12 ശതമാനം വരെ ഗണ്യമായി വർധിക്കുമെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ ഉയർത്തിക്കാട്ടുന്നു. 500-ലധികം മരുന്നുകളെ ഈ വില വർദ്ധനവ് ബാധിക്കുമെന്ന് ഈ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. അത്തരം റിപ്പോർട്ടുകൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതും ദുരുദ്ദേശ്യപരവുമാണ്,” ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്ട്‌മെന്റിന് കീഴിലുളള നാഷണൽ ഫാർമസ്യൂട്ടിക്കൽ വില നിർണയ അതോറിറ്റിയാണ് മരുന്നുകളുടെ വില തീരുമാനിക്കുന്നത്. ഷെഡ്യൂൾഡ് മരുന്നുകളുടെ വില മൊത്തവില സൂചികയുടെ അടിസ്ഥാനത്തിൽ വാർഷിക അവലോകനം നടത്താറുണ്ടെന്നും അത് പതിവ് നടപടികൾ മാത്രമാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ഇത്തവണ മൊത്തവില സൂചികയിലെ വാർഷിക മാറ്റം നാമമാത്രമാണെന്നും അതുകൊണ്ടു തന്നെ വിലയിൽ വലിയ മാറ്റം ഉണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

More Stories from this section

family-dental
witywide