
തിരുവനന്തപുരം: രാജ്യത്തിന്റെ 75ാം റിപ്പബ്ലിക് ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി.
വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍സിസി, സ്‌കൗട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കെഡറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിച്ചു. തുടര്‍ന്ന് റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. മലയാളത്തിലായിരുന്നു അദ്ദേഹം സംസാരിച്ച് തുടങ്ങിയത്.
റിപ്പബ്ലിക് ദിന സന്ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചാണ് ഗവര്‍ണര്‍ പ്രസംഗം നടത്തിയത്. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകള്‍, അക്കാദമിക മേഖലയെ മലിനമാക്കുന്നുവെന്നും ബാഹ്യ ഇടപെടലുകള്‍ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിന് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. വിയോജിപ്പുകള്‍ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയും വേദിയില്‍ സന്നിഹിതനായി. ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണ് ഇന്ന് ഇരുവരും വേദി പങ്കിട്ടത്. ബജറ്റ് സമ്മേളത്തിന് മുന്നോടിയായി സഭയില്‍ ഇന്നലെ നയപ്രഖ്യാപന പ്രസംഗം ചുരുക്കിയത് ചര്‍ച്ചയായിരുന്നു. സംഭവത്തില്‍, വിവാദത്തെ ആളിക്കത്തിക്കാതെ മെരുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.