യുഎസ് സെനറ്റിലും മേല്‍ക്കൈ നേടി റിപ്പബ്ലിക്കന്‍മാര്‍, രണ്ടാം വരവില്‍ ട്രംപിന് അധിക ബലം

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍മാര്‍ യുഎസ് സെനറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. യു.എസ് സെനറ്റില്‍ 51 സീറ്റുകളാണ് റിപ്പബ്ലിക്കന്‍സ് നേടിയത്. നാലു വര്‍ഷത്തിനിടെ ആദ്യമായാണ് ഈ മിന്നും വിജയം. ഇത് റിപ്പബ്ലിക്ക് പാര്‍ട്ടിക്ക് വാഷിംഗ്ടണിലെ ഒരു പ്രധാന ശക്തി കേന്ദ്രവും അടുത്ത പ്രസിഡന്റിന്റെ കാബിനറ്റ് സ്ഥിരീകരിക്കുന്നതില്‍ ഒരു പ്രധാന പങ്കും നല്‍കുന്നു. ഡെമോക്രാറ്റുകള്‍ക്ക് 42 സീറ്റാണ് ലഭിച്ചത്. ഭൂരിപക്ഷത്തിന്ന് വേണ്ടത് അമ്പത് സീറ്റായിരുന്നു. ഓഹിയോ, വെസ്റ്റ് വെര്‍ജീനിയ, നബ്രാസ്‌ക എന്നിവിടങ്ങളില്‍ ജയിച്ചതോടെയാണ് ഭൂരിപക്ഷം നേടാനായത്. സെനറ്റിലും ജനപ്രതിനിധിസഭയിലും ആധിപത്യം നേടിയത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ട്രംപിന് നയങ്ങള്‍ നടപ്പാക്കുന്നത് എളുപ്പമാകും.

നെബ്രാസ്‌കയില്‍ നിലവിലെ പ്രതിനിധി ഡേബ് ഫിഷര്‍സ കടുത്ത വെല്ലുവിളി ഉയര്‍ത്തിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡാന്‍ ഓസ്ബോണിനെ പരാജയപ്പെടുത്തി. വെസ്റ്റ് വിര്‍ജീനിയ സീറ്റ് റിപ്പബ്ലിക്കന്മാര്‍ പിടിച്ചെടുത്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ജിം ജസ്റ്റിസാണ് വിജയിച്ചത്. റിപ്പബ്ലിക്കന്‍മാരായ ടെക്സസിലെ ടെഡ് ക്രൂസിനെയും ഫ്ലോറിഡയിലെ റിക്ക് സ്‌കോട്ടിനെയും പരാജയപ്പെടുത്താനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി ശ്രമവും തകര്‍ന്നു.

മേരിലാന്‍ഡിലെ ജനപ്രിയ മുന്‍ ഗവര്‍ണര്‍ ലാറി ഹോഗനെ പരാജയപ്പെടുത്തിയാണ് അല്‍സോബ്രൂക്ക്സ് സെനറ്റിലെത്തിയത്. ഇതാദ്യമായിട്ടാണ് രണ്ട് കറുത്ത വര്‍ഗക്കാരായ വനിതകള്‍ ഒരേസമയം സെനറ്റില്‍ ഇടംപിടിക്കുന്നത്. മൂന്ന് കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകളാണ് ഇതുവരെ സെനറ്റില്‍ അംഗങ്ങളായിരുന്നിട്ടുള്ളത്. ന്യൂജെഴ്സിയില്‍ നിന്നും കൊറിയന്‍ വംശജനായ അമേരിക്കക്കാരന്‍ ആന്‍ഡി കിമ്മും സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

മൊണ്ടാന റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഗ്രെഗ് ജിയാന്‍ഫോര്‍ട്ടെ ഡെമോക്രാറ്റിക് ചലഞ്ചര്‍ റയാന്‍ ബുസെയെ തോല്‍പ്പിച്ച് രണ്ടാം നാല് വര്‍ഷത്തേക്ക് വീണ്ടും തിരഞ്ഞെടുപ്പില്‍ വിജയിച്ചു. ഗര്‍ഭച്ഛിദ്രത്തിനും ട്രാന്‍സ്ജെന്‍ഡര്‍ യുവാക്കളുടെ വൈദ്യ പരിചരണത്തിനും വേണ്ടിയുള്ള നിയമപരമായ ഏറ്റുമുട്ടലുകള്‍ മാറ്റിനിര്‍ത്തിയാല്‍, ജിയാന്‍ഫോര്‍ട്ടിന്റെ ആദ്യ ടേം വിവാദങ്ങളില്‍ നിന്ന് മുക്തമായിരുന്നു.