സെനറ്റിനു പിന്നാലെ ജനപ്രതിനിധിസഭയിലും ഭൂരിപക്ഷംനേടി റിപ്പബ്ലിക്കൻ പാർട്ടി, ശക്തനായി ട്രംപ്

വാഷിങ്ടൺ: യു.എസിൽ സെനറ്റിനുപിന്നാലെ ജനപ്രതിനിധിസഭയിലും ഭൂരിപക്ഷംനേടി റിപ്പബ്ലിക്കൻ പാർട്ടി. അരിസോണ, കാലിഫോർണിയ എന്നിവിടങ്ങളിലെ വിജയത്തോടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ആകെ സീറ്റുകളുടെ എണ്ണം 218 ആയി. സെനറ്റിലും ഡെമോക്രാറ്റിക് പാർട്ടിയെ റിപ്പബ്ലിക്കൻ പാർട്ടി പിന്നിലാക്കിയിരുന്നു.

ജനപ്രതിനിധിസഭയിലേത് നേരിയ ഭൂരിപക്ഷമാണെങ്കിലും നിയുക്തപ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ എതിർപ്പുകളില്ലാതെ നടപ്പാക്കാനുള്ള അവസരം ലഭിച്ചെന്നാണ് റിപ്പബ്ലിക്കൻ നേതാക്കളുടെ വിലയിരുത്തൽ.

രാജ്യം കാണാൻ പോകുന്ന ഏറ്റവും വലിയ നാടുകടത്തൽ, നികുതിയിളവ്, രാഷ്ട്രീയശത്രുക്കളെ ശിക്ഷിക്കൽ അടക്കമുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള അനുകൂലസാഹചര്യമാണ് ലഭിച്ചിരിക്കുന്നതെന്നാണ് ട്രംപിന്റെയും സംഘത്തിന്റെയും വിലയിരുത്തൽ.

2016-ൽ ട്രംപ് പ്രസിഡന്റായിരുന്നപ്പോഴും യു.എസ്. കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. ചില റിപ്പബ്ലിക്കൻ നേതാക്കൾതന്നെ ട്രംപിനെതിരേ നിലപാടെടുത്തിരുന്നു. അന്ന് സുപ്രീംകോടതിയിലും ട്രംപ് അനുകൂല ജഡ്ജിമാർ കുറവായിരുന്നു. ഇത്തവണ ഈ ഘടകങ്ങളെല്ലാം ട്രംപിന് അനുകൂലമാണ്.

ബുധനാഴ്ച രാവിലെ ക്യാപിറ്റോൾ ഹിൽ ഹോട്ടലിൽ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ജനപ്രതിനിധിസഭാ അംഗങ്ങളെ അഭിസംബോധന ചെയ്തിരുന്നു. തിരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് അദ്ദേഹം വാഷിങ്ടണിലേക്കെത്തിയത്.സെനറ്റിൽ ഭൂരിപക്ഷത്തിന് ആവശ്യം 50 സീറ്റുകളാണ്. റിപ്പബ്ലിക്കൻ പാർട്ടി 53 സീറ്റുകൾ സ്വന്തമാക്കി. ഡെമോക്രാറ്റുകൾ 47 സീറ്റുകളും.