ജോയി എവിടെ? 35 മണിക്കൂർ പിന്നിട്ട തിരച്ചിൽ പാതിരാത്രി അവസാനിപ്പിച്ചു; പുലർച്ചെ നാവിക സേനയും ഇറങ്ങും

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയെ ഇന്നലെയും ഇന്നുമായി നടന്ന 35 മണിക്കൂർ നീണ്ട തിരച്ചിലിലും കണ്ടെത്താനായില്ല. ആമയിഴഞ്ചാൻ തോട്ടിലെ അതികഠിനമായ രക്ഷാദൗത്യം രാത്രി വൈകിയതോടെ ഇന്നത്തേക്ക് താത്കാലികമായി അവസാനിപ്പിച്ചു. നാളെ നാവിക സേനയടക്കം രംഗത്തിറങ്ങി തിരച്ചിൽ നടത്താനാണ് തീരുമാനം.

റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ സ്കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ദൗത്യം ഇന്ന് ലക്ഷ്യം കണ്ടില്ല. അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. ആറ് മണിയോടെ സ്കൂബ സംഘം ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു.നേവിയുടെ മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സംഘം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. അഞ്ച് പേരാണ് സംഘത്തിലുള്ളത്. നേവി ടീമിന്റെ പരിശോധന രാവിലെ തന്നെ ആരംഭിക്കും. ഇപ്പോഴത്തെ പരിശോധന സ്വതന്ത്രമായി നടത്താനാണ് തീരുമാനം. മാധ്യമങ്ങളോ മറ്റ് ഉദ്യോഗസ്ഥരോ വരരുതുന്ന് നേവി അറിയിച്ചു. കളക്ടർ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

ബ്രീഫിങ്ങിനായി ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ മാത്രം നേവി ടീമിനൊപ്പം ഉണ്ടാകും. തടയണ കെട്ടിയുള്ള ഓപ്പറേഷൻ വേണ്ടി വെള്ളം പമ്പ് ചെയ്യുന്നതും തത്കാലം നിർത്തി വെച്ചെന്ന് മേയർ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. നേവിയുടെ തീരുമാനം വന്ന ശേഷം ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്.

More Stories from this section

family-dental
witywide