
തിരുവനന്തപുരം: കേരളത്തെ നടുക്കിയ വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. 2018 മുതൽ നിരന്തരം ഉരുൾപൊട്ടലുകളുണ്ടായ പ്രദേശത്താണ് ഇത്തവണ വൻ ദുരന്തമുണ്ടായതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
അപകടമുണ്ടായ പ്രദേശത്ത് 2018 മുതൽ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. ജൂലൈ മൂന്നാം ആഴ്ച മുതൽ ഈ മേഖലകളിൽ തുടർച്ചയായി മഴ പെയ്തു. ദുരന്തമുണ്ടാകുന്നതിന് മുമ്പുള്ള 24 മണിക്കൂറിൽ പുത്തുമലയിൽ 372.6 മി.മീ മഴ പെയ്തു. തെറ്റമലയിൽ 409 മി.മീ മഴയും ലഭിച്ചു. അധികമായി കനത്ത മഴ പെയ്തിറങ്ങിയപ്പോൾ മണ്ണിന് മർദ്ദം താങ്ങാനായില്ല. തുടർന്നാണ് ഉരുൾപൊട്ടലിനിടയാക്കിയത് എന്നാണ് ജിഎസ്ഐ കണ്ടെത്തൽ.
ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രത്തിൽ 25 മുതൽ 40 ഡിഗ്രി വരെ ചരിവ് 5 മീറ്റർ വരെയാണ് മേൽമണ്ണിന്റെ കനം. ഉരുൾ പൊട്ടാനും ആഘാതം കൂട്ടാനും ഇതെല്ലാം കാരണമായി. ജിഎസ്ഐ ഈ മേഖലയിൽ വിശദമായ പഠനം നടത്തും. ഇതിന് ശേഷമായിരിക്കും മുണ്ടൈക്കെയും ചൂരൽമലയയും തകർന്നെെറിഞ്ഞ ദുരന്തത്തിന്റെ പൂർണ ചിത്രം തെളിയുക.
Reson behind Wayanad chooralmala landslides