യു.എസില്‍ പിടിമുറുക്കി ശ്വാസകോശ അണുബാധ; പ്രകടമാകുന്നത് പോളിയോബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍

വാഷിംഗ്ടണ്‍: എന്ററോവൈറസ് ഡി 68 അണുബാധകളുടെ നിരക്ക് യുഎസില്‍ ഉടനീളം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. ജൂലൈ മുതല്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സമീപകാല ഡാറ്റ കാണിക്കുന്നു. ഈ നാഡിവ്യൂഹ വ്യവസ്ഥയെ ബാധിക്കാന്‍ ഇടയുള്ള വൈറസ് അക്യൂട്ട് ഫ്‌ളാസിഡ് മൈലൈറ്റിസ് (എഎഫ്എം) എന്ന അവസ്ഥയുമായി വൈറസിന് ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ഇത് പോളിയോ പോലുള്ള അപൂര്‍വ്വവും എന്നാല്‍ ഗുരുതരവുമായ സങ്കീര്‍ണതയിലേക്ക് നയിച്ചേക്കാം. കൈകാലുകളുടെ ബലഹീനത, പക്ഷാഘാതം എന്നിവയാണ് പോളിയോ ലക്ഷണങ്ങള്‍. ഈ അവസ്ഥ ഏറ്റവും കൂടുതല്‍ ബാധിക്കുന്നവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു.

എന്താണ് എന്ററോവൈറസ് ഡി68, അത് എങ്ങനെയാണ് പടരുന്നത്? അതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? ഈ അണുബാധ അക്യൂട്ട് ഫ്‌ലാസിഡ് മൈലിറ്റിസിന് കാരണമാകാനുള്ള സാധ്യത എത്രയാണ്? മാതാപിതാക്കള്‍ എത്രമാത്രം ആശങ്കാകുലരായിരിക്കണം? ഈ വൈറസ് ബാധിക്കാനുള്ള സാധ്യത കുറയ്ക്കാന്‍ കുടുംബങ്ങള്‍ക്ക് എന്ത് നടപടികളാണ് സ്വീകരിക്കാന്‍ കഴിയുക? തുടങ്ങി ഒരുപിടി ചോദ്യങ്ങളും ആശങ്കകളും ഈ വൈറസ് ബാധ ഉയര്‍ത്തുന്നുണ്ട്.

വൈറസ് പിടിപെട്ട കുട്ടികളില്‍ വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷവും ശാരീരിക അവശതകള്‍ നീണ്ടുനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നൂറിലധികം പോളിയോ ഇതര എന്ററോവൈറസുകളുടെ ഒരു ഗ്രൂപ്പിന്റെ ഭാഗമാണ് എന്ററോവൈറസ് ഡി68. ഈ എന്ററോവൈറസുകള്‍ വളരെ സാധാരണമാണ്. രോഗബാധിതരായ പലര്‍ക്കും രോഗലക്ഷണങ്ങളൊന്നുമില്ല അല്ലെങ്കില്‍ നേരിയ ജലദോഷം പോലുള്ള ലക്ഷണങ്ങളാണ് ഉണ്ടാകാറുള്ളത്. അതുകൊണ്ടുതന്നെ എന്ററോവൈറസ് ബാധിച്ചെന്ന് തിരിച്ചറിയാനും പലര്‍ക്കും മനസിലാക്കാനും ആകില്ല.

അതുകൊണ്ടാണ് മലിനജലം പരിശോധിക്കുന്നതിലൂടെ ചില പ്രദേശങ്ങളില്‍ ഈ വൈറസിന്റെ സാന്നിധ്യം മനസിലാക്കാന്‍ സാധിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടുവര്‍ഷത്തെ ഇടവേളയിലാണ് എഎഫ്എം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുകൊണ്ടുതന്നെ ഡി68 വകഭേദം വൈദ്യശാസ്ത്ര രംഗത്ത് നിഗൂഢമായി തുടരുകയാണ്. 2014ലെ ആദ്യകേസിനു ശേഷം 2016ല്‍ 153 കേസുകളും 2018ല്‍ 238 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ വന്നതിനാല്‍ 2020ല്‍ 32 കേസായി ചുരുങ്ങി. 2024ല്‍ ഇതുവരെ 13 എ.എഫ്.എം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സി.ഡി.സി) യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അണുബാധയുള്ള ഒരാള്‍ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ വൈറസ് പകരാം. കുട്ടികള്‍ പെട്ടെന്ന് രോഗബാധിതരാകാനും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനും സാധ്യതയുണ്ട്. കുട്ടികള്‍ സ്‌കൂളിലും ഡേ കെയറിലും പരസ്പരം അടുത്ത് പെരുമാറുന്നതു തന്നെയാണ് വേഗത്തില്‍ രോഗബാധിതരാകാനുള്ള കാരണം. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ അഭിപ്രായത്തില്‍, മുതിര്‍ന്നവര്‍ക്കും ഈ അണുബാധകള്‍ ഉണ്ടാകാം, എന്നാല്‍ അവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പ്രത്യേകിച്ച് കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് നേരിയ ലക്ഷണങ്ങളാകും പ്രകടമാകുക.

പലര്‍ക്കും മൂക്കൊലിപ്പ്, തുമ്മല്‍, പനി, ചുമ തുടങ്ങിയ നേരിയ ജലദോഷം പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകും. ചിലര്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട്, ക്ഷീണം, ശരീരവേദന തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങള്‍ ഉണ്ടാകാം. സാധാരണയായി, എന്ററോവൈറസുകള്‍ തലച്ചോറിലും ഹൃദയത്തിലും വീക്കം ഉണ്ടാക്കും. തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്കുശേഷം കൈയ്ക്കോ കാലുകള്‍ക്കോ പെട്ടെന്ന് ബലഹീനത ഉണ്ടാകുന്നു. മസില്‍ ടോണ്‍ നഷ്ടപ്പെടുക, മുഖത്ത് തളര്‍ച്ച, സംസാരം മന്ദഗതിയിലാകുക എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. രക്തസമ്മര്‍ദ്ദം, ശരീര താപനില, ഹൃദയമിടിപ്പ് എന്നിവ നിയന്ത്രിക്കുന്നതിലും പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

അക്യൂട്ട് ഫ്‌ലാസിഡ് മൈലിറ്റിസിന് പ്രത്യേക ചികിത്സയില്ല. ചിലര്‍ക്ക് പൂര്‍ണമായി സുഖം പ്രാപിക്കാന്‍ കഴിയുമെങ്കിലും, ഭൂരിഭാഗം പേര്‍ക്കും ഈ രോഗത്തിന്റെ ഫലമായി നിലനില്‍ക്കുന്ന ലക്ഷണങ്ങളും വൈകല്യവും മാറാന്‍ അധികം സമയം ആവശ്യമായി വരാറുണ്ട്.

ശുചിത്വം പാലിക്കുന്നതിലൂടെ ഈ വൈറസില്‍ നിന്നും അകലം പാലിക്കാനാകും. സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകണം. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് വരുമ്പോഴും സുഹൃത്തുക്കളോടൊപ്പം കളിക്കുമ്പോഴും കളി കഴിഞ്ഞ് വരുമ്പോഴും കൈ കഴുകുന്നത് ഉറപ്പാക്കണം. സ്‌കൂളില്‍ ആയിരിക്കുമ്പോള്‍, അവര്‍ പതിവായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്. അല്ലെങ്കില്‍, അവര്‍ പതിവായി ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണം.

കഴുകാത്ത കൈകള്‍ കൊണ്ട് മുഖത്ത് തൊടുന്നത് ഒഴിവാക്കാനും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്ക്കാനും കുട്ടികളെ ശീലിപ്പിക്കണം.

അക്യൂട്ട് ഫ്‌ലാസിഡ് മൈലിറ്റിസിനെ സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ചും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കൈകളിലോ കാലുകളിലോ പെട്ടെന്നുള്ള ബലഹീനത, സംസാരത്തിന്റെ അവ്യക്തത എന്നിവയ്ക്ക് പുറമേ, കണ്‍പോളകള്‍ വീങ്ങുക. ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, കഴുത്തിലും കൈകളിലും പുറകിലും പുതുതായി ഉണ്ടാകുന്ന വേദന എന്നിവ ഉള്‍പ്പെടുന്നു. ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും കണ്ടാല്‍ കുട്ടികള്‍ക്ക് അടിയന്തിര വൈദ്യസഹായം നല്‍കണം.