അപ്രതീക്ഷിതം മഹാരാഷ്ട്ര ഫലം, ഭരണഘടനയും ജലവും വനവും ഭൂമിയും സംരക്ഷിക്കുന്നതിന്റെ വിജയമാണ് ജാർഖണ്ഡിലേത്: രാഹുൽ

ഡൽഹി∙ മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതമെന്ന് പറഞ്ഞ രാഹുൽ, തോൽവി വിശദമായി വിശകലനം ചെയ്യുമെന്നും എക്സിൽ കുറിച്ചു. പിന്തുണ നൽകിയ സംസ്ഥാനത്തെ എല്ലാ വോട്ടർമാർക്കും പ്രവർത്തകരുടെ കഠിനാധ്വാനത്തിനും രാഹുൽ നന്ദിയും പറഞ്ഞു.

ഇന്ത്യ സഖ്യത്തിനു വലിയ ജനവിധി നൽകിയതിനു ജാർഖണ്ഡിലെ ജനങ്ങൾക്ക് രാഹുൽ നന്ദി പറഞ്ഞു. വിജയത്തിനു മുഖ്യമന്ത്രി ഹേമന്ത് സോറനും എല്ലാ കോൺഗ്രസ്, ജെഎംഎം പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും എന്നാണ് രാഹുൽ എക്സിൽ കുറിച്ചത്. ഇന്ത്യാസഖ്യം നേടിയ വിജയം ഭരണഘടനയോടൊപ്പം ജലവും വനവും ഭൂമിയും സംരക്ഷിക്കുന്നതിന്റെ വിജയമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

നേരത്തെ മഹാരാഷ്ട്രയിലെ എൻ ഡി എയുടെ വിജയത്തിലും ജാർഖണ്ഡിലെ ‘ഇന്ത്യ’ സഖ്യത്തിന്‍റെ വിജയത്തിലും പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയിൽ സദ് ഭരണത്തിന്‍റെ വിജയമാണ് ബി ജെ പി നയിക്കുന്ന മുന്നണിക്ക് ലഭിച്ചതെന്നാണ് മോദി എക്സിലൂടെ പ്രതികരിച്ചത്. യുവാക്കൾക്കും സ്ത്രീകൾക്കും പ്രത്യേകം നന്ദി പറഞ്ഞ മോദി, മഹാരാഷ്ട്രയുടെ വികസനത്തിനായി പരിശ്രമം തുടരുമെന്നും വിവരിച്ചു. എൻ ഡി എയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജാർഖണ്ഡിലെ ജനങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. തുടർഭരണം നേടിയ ഹേമന്ത് സോറനെ അഭിനന്ദിക്കുന്നുവെന്നും മികച്ച പ്രവർത്തനത്തിനായി സഹകരിച്ച് മുന്നേറാമെന്നും വ്യക്തമാക്കി.

More Stories from this section

family-dental
witywide