നാസയുടെ ‘ഫെബ്രുവരി’ പ്ലാനും പൊളിഞ്ഞു? സുനിതയുടെയും ബുച്ച്മോറിന്‍റെയും തിരിച്ചുവരവ് പ്രതിസന്ധിയിൽ; പുതിയ പ്ലാൻ എന്ത്? ഇനി എത്ര കാത്തിരിക്കണം

ന്യൂയോർക്ക്: ഒരാഴ്ച്ചത്തേക്ക്‌ വന്ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ആറ് മാസത്തിലേറെയാ കുടുങ്ങി കഴിയുന്ന ഇന്ത്യൻ വംശജയായ സുനിതാ വില്യംസിന്‍റെയും ബുച്ച് വിൽമറിന്‍റെയും മടങ്ങിവരവ് വീണ്ടും പ്രതിസന്ധിയിൽ. ഫെബ്രുവരി മാസത്തിലെത്തിക്കാനുള്ള നാസയുടെ പ്ലാൻ പൊളിഞ്ഞെന്നാണ് ഏറ്റവും പുതിയ റിപ്പോ‍ർട്ടുകൾ പറയുന്നത്. ഇരുവരെയും 2025 ഫെബ്രുവരിയിൽ തിരികെയെത്തിക്കാനാവുമെന്ന് അറിയിച്ചിരുന്നെങ്കിലും കാത്തിരിപ്പ് നീളുമെന്നാണ് നാസ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇരുവരെയും തിരികെയെത്തിക്കുന്നതിനുള്ള സ്‌പേസ് എക്‌സിന്‍റെ ക്രൂ9 ദൗത്യം വൈകുന്നതാണ് കാരണം.

അടുത്ത വർഷം ഫെബ്രുവരിയിൽ ബഹിരാകാശ നിലയത്തിൽ നിന്നും തിരിക്കുന്ന ക്രൂ9 പേടകത്തിൽ ഇരുവരെയും ഭൂമിയിലേക്ക് അയക്കാനായിരുന്നു പദ്ധതി. എന്നാൽ ദൗത്യം മാർച്ചിലേക്ക് നീട്ടുകയായിരുന്നു. ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ജൂൺ 6 നാണ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്.

ഒരാഴ്ചക്കുള്ളിൽ മടങ്ങാൻ പദ്ധതിയിട്ടെങ്കിലും പേടകത്തിലെ ഹീലിയം ചോർച്ചയും ത്രസ്റ്റർ തകരാറും കാരണം മടങ്ങിവരവ് പ്രതിസന്ധിയിലാവുകയായിരുന്നു. സുരക്ഷ വിഷയം കാരണം ഇരുവരെയും തിരികെയെത്തിക്കാനാകാതെ സ്റ്റാർലൈനർ പേടകം പിന്നീട് തനിയെ ഭൂമിയിലേക്ക് മടങ്ങി. തുടർന്നാണ് 5 മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം 2025 ഫെബ്രുവരിയിൽ മടങ്ങിയെത്തുന്ന സ്‌പേസ് എക്‌സിന്‍റെ ക്രൂ-9 പേടകത്തിൽ ഇരുവരെയും തിരികെയെത്തിക്കാൻ തീരുമാനിക്കുന്നത്. ഈ ഫെബ്രുവരി പ്ലാനാണ് ഇപ്പോൾ പാളിയിരിക്കുന്നത്.