ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷന്‍ റവ.ഡോ.കെ.പി.യോഹന്നാന്‍ യുഎസിൽ അന്തരിച്ചു

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രഥമ മെത്രാപ്പൊലീത്തയും പരമാധ്യക്ഷനുമായിരുന്ന റവ. ഡോ. കെ പി യോഹന്നാൻ (74) അമേരിക്കയിൽ അന്തരിച്ചു. അദ്ദേഹം നിലവില്‍ അറിയപ്പെടുന്നത് മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രപ്പൊലീത്ത എന്നാണ്. ടെക്സാസിലെ ഡാളസിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ആസ്ഥാനത്ത് ഇന്നലെ പ്രഭാത സവാരിക്ക് ഇറങ്ങിയ അദ്ദേഹത്തെ അജ്ഞാത വാഹനം ഇടിച്ചിരുന്നു. ഇതേതുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ റവ. യോഹന്നാനെ എയർലിഫ്ട് ചെയ്ത് ഡാളസിലെ മെത്തഡിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ ഡാനിയൽ അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം എന്ന് ബിലീവേഴ്സ് ചർച്ച് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. തിരുവല്ല നിരണത്ത് 1950 മാർച്ച് എട്ടിന് കടപ്പിലാരിൽ കുടുംബത്തിലാണ് ജനിച്ചത്. കുടുംബം മാർത്തോമ്മാ സഭ വിശ്വാസികളായിരുന്നു. സ്കൂൾ പഠനത്തിനു ശേഷം അദ്ദേഹം സുവിശേഷ വേലയിലേക്ക് തിരിഞ്ഞു. 15ാം വയസ്സു മുതൽ ഓപറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയിൽ സുവിശേഷ പ്രചാരകനായി. 1974 ൽ യുഎസിലെ ഡാലസിൽ ദൈവശാസ്ത്ര പഠനത്തിനു ചേർന്നു. അവിടെ ഒരുമിച്ച് പഠിച്ച ജർമൻ സുവിശേഷ പ്രചാരക ഗിസല്ലയെ ജീവിത പങ്കാളിയാക്കി. മക്കൾ : ഡാനിയൽ , സാറ.

ഡാലസിൽ വച്ച് യോഹന്നാനും ഭാര്യയും ചേർന്ന് ഗോസ്പൽ ഫോർ ഏഷ്യ സ്ഥാപിച്ചു. അത്പിന്നീട് തിരുവല്ല ആസ്ഥാനമാക്കി പ്രവർത്തനം തുടങ്ങി. ആത്മീയ യാത്ര എന്ന കെ.പി. യോഹന്നാൻ്റെ റേഡിയോ പരിപാടി അക്കാലത്ത് പ്രചുരപ്രചാരം നേടിയിരുന്നു.
1990ൽ സ്വന്തം സഭയായ ബിലീവേഴ്‌സ് ചർച്ചിനു രൂപം നൽകി. 2003ൽ സ്ഥാപക ബിഷപ്പായി. 52 ബൈബിൾ കോളജുകളും തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ഉൾപ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചു.

ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു.  2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എന്ന്പേര് മാറ്റി.

Rev . Dr. K.P.Yohannan passed away