ഹൈദരാബാദ്: പുഷ്പ 2: ദ റൈസ്’ ചിത്രത്തിന്റെ പ്രദര്‍ശനത്തിനു ശേഷമുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ കുടുംബം നല്‍കിയ കേസില്‍ തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് കാട്ടി മരിച്ച രേവതിയുടെ ഭര്‍ത്താവ് രംഗത്തെത്തി.
”കേസ് പിന്‍വലിക്കാന്‍ ഞാന്‍ തയ്യാറാണ്, അറസ്റ്റിനെക്കുറിച്ച് അറിഞ്ഞില്ല, എന്റെ ഭാര്യ മരിച്ച തിക്കിലും തിരക്കിലും അല്ലു അര്‍ജുന് ഒരു ബന്ധവുമില്ല”-രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കര്‍, മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ന് ഉച്ചയോടെ, കനത്ത സുരക്ഷയ്ക്കിടെയാണ് നടനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ചിക്കാടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. രേവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അല്ലു അര്‍ജുനും തിയേറ്റര്‍ മാനേജ്മെന്റിനുമെതിരെ പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) പ്രകാരമാണ് കേസെടുത്തത്. എന്നാല്‍, താന്‍ എത്തുന്ന വിവരം പൊലീസിനെയും തീയേറ്റര്‍ ഉടമകളെയും അറിയിച്ചിരുന്നുവെന്നും തനിക്കെതിരെ സമര്‍പ്പിച്ച എഫ്‌ഐആര്‍ റദ്ദാക്കണമെന്നും കാട്ടി ഡിസംബര്‍ 11ന് അല്ലു അര്‍ജുന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു താരത്തിന്റെ അറസ്റ്റ് നടന്നത്.