മാത്യു കുഴല്‍നാടന്‍ എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറി എന്ന വിജിലന്‍സ് കണ്ടെത്തല്‍ റവന്യു വിഭാഗവും ശരിവെച്ചു. ഇതു സംബന്ധിച്ച് ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് പണിത ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റവന്യു വിഭാഗത്തിന്റെ കണ്ടെത്തല്‍. 50 സെന്റ് പുറമ്പോക്കു കയ്യേറി എംഎല്‍എ മതില്‍ നിര്‍മിച്ചെന്നും ഭൂമി റജിസ്ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നുമാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.
സ്ഥലം വാങ്ങുമ്പോള്‍ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ സ്ഥലത്തില്‍ മിച്ചഭൂമിയുള്ള വിവരം മറച്ചുവച്ചാണ് സ്ഥലം റജിസ്റ്റര്‍ ചെയ്തിരുന്നത്. 2008 ലെ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം വില്‍പന നടത്താനാകില്ല.
അതേസമയം ഭൂമി അളന്ന് നോക്കാതെയാണ് പുറമ്പോക്ക് കയ്യേറി എന്ന ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിനെതിരെ മാത്യു കുഴല്‍നാടന്റെ പ്രതികരണം. അധികം ഭൂമി ഉണ്ടെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കട്ടെ. കെട്ടിടനമ്പര്‍ ഇല്ലാത്തതിനാല്‍ ഒരു കെട്ടിടത്തിന്റെ മൂല്യം കണക്കാക്കിയിരുന്നില്ല. അതുകൊണ്ടാണ് രജിസ്ട്രേഷന്‍ സമയത്ത് ഈ കെട്ടിടം കാണിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.