റവന്യൂ മന്ത്രി കെ. രാജന് വനം വകുപ്പിന്റെ ചുമതല താൽക്കാലികമായി കൈമാറുമെന്നു സൂചന. നിലവിലെ മന്ത്രി എ.കെ. ശശീന്ദ്രൻ ആശുപത്രിയിൽ ചികിത്സയിലായതാണ് കാരണമെന്നാണു ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത് . വന്യജീവി ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ജനരോഷം ശക്തമാണ്. പ്രതിഷേധിക്കുന്ന ജനങ്ങളെ കാണാൻ വനംമന്ത്രി എത്തിയില്ല എന്ന വലിയ പരാതി വയനാട്ടിൽ നിന്നും മറ്റും ഉയർന്നിരുന്നു.
കേരളത്തിന്റെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരില്‍ ആകെ ഭീതിപടര്‍ത്തിക്കൊണ്ടാണ് വന്യമൃഗങ്ങളുടെ ആക്രമണം വ്യാപിക്കുന്നത്. ഇന്നലെ ഇടുക്കി അടിമാലിയില്‍ എഴുപത്തിരണ്ടുകാരിയെ കാട്ടാന കുത്തിക്കൊന്നതിന്റെ നടുക്കം മാറും മുമ്പാണ് ഇന്ന് വീണ്ടും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വന്യമൃഗ ആക്രമണം ഉണ്ടായത്.
തൃശൂര്‍ പെരിങ്ങല്‍കുത്തിന് സമീപം വാച്ചുമരം കോളനിയിലെ വത്സലയ്ക്കാണ് ഇന്ന് ആനയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം എന്നാണ് വിവരം. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിലാണ് രണ്ടാമത്തെ മരണം ഉണ്ടായത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലാട്ടിയില്‍ അബ്രഹാം (70 )മാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
Revenue minister K Rajan will be in charge of Forest Minister