കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ ഇനി പ്രതീക്ഷ കോടതിയിലാണെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ റിമ കല്ലിങ്കൽ. ഡബ്ല്യുസിസിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലുള്ള ചർച്ചകളെ കൃത്യമായ ദിശയിൽ നയിക്കേണ്ട ബാധ്യത ഡബ്ല്യുസിസിക്കുണ്ട്. റിപ്പോർട്ടുമായി ബന്ധപ്പെട്ട് തുടർ നടപടികൾ ആവശ്യപ്പെട്ട് ഡബ്ല്യുസിസി മുഖ്യമന്ത്രിയെ വീണ്ടും കാണും. ഇനി ഇത് ആവർത്തിക്കില്ല എന്നെങ്കിലും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടാകണമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ റിമ കല്ലിങ്കൽ വ്യക്തമാക്കി.
മോഹൻലാലിന് ഉത്തരമില്ലെങ്കിൽ ഇനി ഇവിടെ നിന്നെങ്കിലും ചിന്തിച്ച് തുടങ്ങാൻ ശ്രമിക്കണമെന്നും റിമ കല്ലിങ്കൽ പറഞ്ഞു. “ചിന്തിക്കുന്ന സമയത്താണല്ലോ പുതിയ മാറ്റങ്ങളും വിപ്ലവങ്ങളും ഉണ്ടാക്കുന്നത്. ഇതുവരെ ചിന്തിച്ചില്ലെങ്കിൽ ഇനിയെങ്കിലും ചിന്തിച്ച് തുടങ്ങണം.”
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരങ്ങൾ പരാതി ഉന്നയിച്ചത് സർക്കാരിനെ വിശ്വസിച്ചാണ്, സർക്കാർ ഒപ്പമുണ്ടാകുമെന്ന് കരുതിയാണ്. എന്നിട്ട് വീണ്ടും പരാതി നൽകണമെന്ന് പറയുകയാണ് സർക്കാർ. ഞങ്ങൾ ഈ കാര്യങ്ങൾ എല്ലാം മുഖ്യമന്ത്രിയെ വീണ്ടും കണ്ട് ശക്തമായി ഉന്നയിക്കുമെന്നും റിമ കല്ലിങ്കൽ പറഞ്ഞു.