റിന്‍സന്‍ അങ്ങനെയുള്ള ആളല്ല, എല്ലാവര്‍ക്കും നല്ലത് മാത്രമേ പറയാനുള്ളുവെന്ന് ബന്ധു, അമേരിക്കയിലേക്ക് പോയെന്ന് വിവരം

കല്‍പ്പറ്റ: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തില്‍ മലയാളിയുടെ കമ്പനിക്ക് പങ്കുണ്ടെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ വയനാട് സ്വദേശിയായ റിന്‍സന്‍ ജോസിനെക്കുറിച്ച് ബന്ധുക്കള്‍ക്ക്‌ പറയാനുണ്ടായിരുന്നത് നല്ലത് മാത്രം.

റിന്‍സനെക്കുറിച്ച് എല്ലാവര്‍ക്കും നല്ലത് മാത്രമേ പറയാനുള്ളുവെന്ന് ബന്ധു വ്യക്തമാക്കി. എന്താണു സംഭവിക്കുന്നതെന്ന് അറിയില്ലെന്നും കഴിഞ്ഞ നവംബറില്‍ നാട്ടില്‍ വന്ന റിന്‍സണ്‍ ജനുവരിയിലാണ് തിരിച്ചുപോയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

നോര്‍വയിലെ ജോലി ഏറെ കഷ്ടപ്പെട്ടാണ് ലഭിച്ചതെന്ന് റിന്‍സന്‍ പറഞ്ഞിട്ടുണ്ട്. ഭാര്യയ്ക്കും ഇതേ കമ്പനിയിലാണ് ജോലി എന്നാണ് പറഞ്ഞിട്ടുള്ളതെന്നും മൂന്നു ദിവസം മുന്‍പ് വിളിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

എംബിഎ പൂര്‍ത്തിയാക്കിയശേഷമാണ് സ്റ്റൂഡന്റ് വീസയില്‍ നോര്‍വയില്‍ പോയത്. അവിടെ പല ജോലികളും ചെയ്തു. പിന്നീടാണ് നോര്‍വയിലെ കമ്പനിയില്‍ ജോലി ലഭിച്ചത്. സ്വന്തമായി കമ്പനി ഉള്ള കാര്യ അറിയില്ലെന്നും നോര്‍വെ പൗരത്വം നേടിയ റിന്‍സന് അവിടെ സ്വന്തമായി വീടുണ്ടെന്നും ഇപ്പോള്‍ കമ്പനി ആവശ്യത്തിനുവേണ്ടി അമേരിക്കയിലേക്കു പോയെന്നുമാണ് ബന്ധുക്കളില്‍ നിന്നും ലഭിക്കുന്ന വിവരം.

റിന്‍സനെയും ഭാര്യയേയും ഇപ്പോള്‍ വിളിച്ചിട്ടു കിട്ടുന്നില്ലെന്നും അനധികൃതമായി എന്തെങ്കിലും പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന ആളല്ല റിന്‍സനെന്നും അടുത്ത ബന്ധുക്കള്‍ പറയുന്നത്.