ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യാ വിരുദ്ധ ഖലിസ്ഥാന്‍ അനുകൂലികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ഖലിസ്ഥാന്‍ ഫണ്ടിംഗ് ശൃംഖല തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപികരിച്ച് ഖാലിസ്ഥാന്‍ അനുകൂലികളുടെ 300-ലധികം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതാണ് ഏറ്റവും പുതിയ നടപടി. ഈ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് കാനഡ, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് സംശയാസ്പദമായ ഇടപാടുകള്‍ നടന്നിരുന്നു.
നടപടി കടുപ്പിച്ചതിന്റെ ഫലമായി ഏകദേശം 100 കോടി രൂപ കണ്ടുകെട്ടി. പ്രത്യേക സിഖ് സംസ്ഥാനത്തിന് വേണ്ടി വാദിച്ചതിന് പേരുകേട്ട ഖലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്ജെ) അക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയ 20 കോടി രൂപയും പിടിച്ചെടുത്തതില്‍ ശ്രദ്ധേയമാണ്. 5000 ത്തോളം അക്കൗണ്ടുകള്‍ ഇതിനോടകം നിരീക്ഷണത്തിലുമാണ്.
യുകെ ഗവണ്‍മെന്റ് എടുത്ത നിര്‍ണായക നടപടി തീവ്രവാദത്തെ ചെറുക്കുന്നതും സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് പരക്കെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഖാലിസ്ഥാന്‍ അനുകൂലികള്‍ക്കെതിരായ ഈ നടപടി തീവ്രവാദവും വിഘടനവാദവും വെച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശം നല്‍കുന്നതായും വിലയിരുത്തപ്പെടുന്നുണ്ട്.
ഖാലിസ്ഥാന്‍ തീവ്രവാദ ശൃംഖലകളുടെ ആഗോള വ്യാപനവും പരസ്പര ബന്ധവും വ്യക്തമാക്കുന്ന കാനഡ, അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലേക്ക് പണം അയയ്ക്കുന്നതിനായുള്ള ബാങ്ക് അക്കൗണ്ടുകള്‍ പിടിച്ചെടുക്കുന്നതിനോടൊപ്പം സംശയാസ്പദമായ ഇടപാടുകള്‍ ട്രാക്കുചെയ്യുന്നതിലേക്കും ഉദ്യോഗസ്ഥര്‍ കടന്നിട്ടുണ്ട്. ഖാലിസ്ഥാന്‍ ഭീകരരിലേക്കുള്ള ഫണ്ടുകളുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതിനാണ് പ്രധാനമായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കുന്നത്.
Rishi Sunak Govt seizes more than 300 Bank accounts of Khalistan supporters