ലണ്ടൻ: 15 വയസും അതിന് താഴെയുള്ള കുട്ടികൾക്കും പുകവലി ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കിന്റെ നീക്കത്തിന് തിരിച്ചടി. സ്വന്തം കക്ഷിയിലെ പ്രമുഖർ ബില്ലിനെതിരെ രംഗത്തെത്തി. പുതിയ ബിൽ ചൊവ്വാഴ്ച ഹൗസ് ഓഫ് കോമൺസിൽ വോട്ടിനിടും. അതിന് മുമ്പേയാണ് സ്വന്തം കക്ഷിക്കുള്ളിലെ നേതാക്കളിൽ നിന്ന് എതിർപ്പുയരുന്നത്. 2009 ജനുവരി 1 ന് ശേഷം ജനിച്ച ആർക്കും പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് കുറ്റകരമാക്കിക്കൊണ്ട് പുകവലി രഹിത തലമുറ സൃഷ്ടിക്കാനാണ് ബിൽ കൊണ്ടുവരുന്നതെന്നാണ് സുനക്കിന്റെ പ്രഖ്യാപനം.
രാജ്യത്തെ അഞ്ച് പുകവലിക്കാരിൽ നാല് പേരും 20 വയസ്സിന് മുമ്പ് പുകവലി ആരംഭിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഓരോ വർഷവും പുകവലി പ്രായം ഒരു വർഷം കൊണ്ട് ഉയർത്തണമെന്നാണ് സുനക്കിന്റെ നിർദേശം. നിലവിലെ 14 വയസ്സുകാരന് ഒരിക്കലും നിയമപരമായി ഒരു സിഗരറ്റ് വാങ്ങാൻ കഴിയില്ലെന്നും ക്രമേണ സമൂഹത്തിന് പുകവലി രഹിതമാകാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെൻ്റിൽ ബില്ലിനെ പ്രതിപക്ഷവും കൺസർവേറ്റീവ് എംപിമാരും പിന്തുണക്കുന്നുണ്ടെങ്കിലും ബില്ലിൽ സ്വതന്ത്ര വോട്ട് ഉള്ളതിനാൽ തിരിച്ചടിയുണ്ടായേക്കും. സുനക്കിൻ്റെ രണ്ട് മുൻഗാമികളായ ലിസ് ട്രസ്സും ബോറിസ് ജോൺസണും ബില്ലിനെതിരെ വോട്ടുചെയ്യണമെന്ന അഭ്യർഥനയോടെ രംഗത്തെത്തി.
നിയമം നടപ്പായാൽ കുട്ടികൾക്ക് പുകയില വിൽക്കുന്ന കടകളിൽ നിന്ന് 100 പൗണ്ട് പിഴ ചുമത്താൻ ട്രേഡിംഗ് സ്റ്റാൻഡേർഡ് ഓഫീസർമാർക്ക് അധികാരം ലഭിക്കും. കുട്ടികൾക്ക് വാപ്പിങ്ങും നിരോധിക്കും.
Rishi Sunak to bring anti smoking bill