ന്യൂഡല്‍ഹി: ബ്രിട്ടണില്‍ പൊതു തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിധി എന്താകുമെന്നറിയാന്‍ ലോകം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതല്‍ ചര്‍ച്ചയായ പേരായിരുന്നു ഇന്ത്യന്‍ വംശജന്‍ കൂടിയായ പ്രധാനമന്ത്രി ഋഷി സുനകിന്റേത്. ഇപ്പോഴിതാ ഗൂഗിള്‍ ട്രെന്‍ഡിംഗിലും അദ്ദേഹം തന്നെയാണ് ലീഡ് ചെയ്യുന്നത്.
ഋഷി സുനക് ഗൂഗിളില്‍ ട്രെന്‍ഡുചെയ്യുമ്പോള്‍ അദ്ദേഹത്തോടൊപ്പം, അദ്ദേഹത്തിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഒപ്പം എതിരാളി കെയര്‍ സ്റ്റാര്‍മര്‍, ലേബര്‍ പാര്‍ട്ടി എന്നിവയും ട്രെന്‍ഡുചെയ്യുന്നു. ഋഷി സുനകും ഭാര്യ അക്ഷത മൂര്‍ത്തിയും വ്യാഴാഴ്ച ഇംഗ്ലണ്ടിലെ നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ റിച്ച്മണ്ടിന് സമീപം വോട്ട് ചെയ്ത ശേഷം പുറത്തുവരുന്ന ചിത്രങ്ങളും സൈബറിടങ്ങള്‍ ഏറ്റെടുത്തിരുന്നു.
ബ്രിട്ടനിലെ രാഷ്ട്രീയ മണ്ണില്‍ കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികളാണ് ആധിപത്യം പുലര്‍ത്തുന്നത്. കണ്‍സര്‍വേറ്റീവുകള്‍ 14 വര്‍ഷമായി അധികാരത്തിലുണ്ട്. ഈ കാലയളവില്‍ അഞ്ച് വ്യത്യസ്ത പ്രധാനമന്ത്രിമാരും ബ്രിട്ടന്റെ ഭരണചക്രം തിരിച്ചു.