ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തേക്കുള്ള റോഡ് നിര്‍മ്മാണം പ്രതിസന്ധിയിലാണെന്ന് സമ്മതിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി. നേരത്തെയുള്ള ധാരണ പ്രകാരം അദാനി ഗ്രൂപ്പാണ് റോഡ് നിര്‍മ്മിക്കേണ്ടത്.
റോഡ് നിര്‍മ്മിക്കാന്‍ ആകില്ല എന്നാണ് ഇപ്പോള്‍ അദാനി വ്യക്തമാക്കുന്നത്. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഞ്ച് ദിവസം മുമ്പ് കേരള മുഖ്യമന്ത്രിയുമായി നീണ്ട ചര്‍ച്ച നടത്തിയിരുന്നു. അദാനിയെ വിളിച്ചുവരുത്തി ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തും. പത്ത് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തെ റോഡുമായി ബന്ധിപ്പിക്കാനാകില്ലെങ്കില്‍ തുറമുഖം കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നും സ്വകാര്യ തുറമുഖം ആയതാണ് വിഴിഞ്ഞത്തെ പ്രശ്‌നമെന്നും നിതിന്‍ ഗഡ്ക്കരി പറഞ്ഞു. ശശി തരൂര്‍ എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് നിതിന്‍ ഗഡ്ക്കരിയുടെ വിശദീകരണം.