മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഭാര്യയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് റോബര്‍ട്ട് ഡൗണി ജൂനിയര്‍

ലോസ് ഏഞ്ചല്‍സ്: 96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പണ്‍ ഹൈമര്‍ മുന്നേറുമ്പോള്‍ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയത് റോബര്‍ട്ട് ഡൗണി ജൂനിയറായിരുന്നു. തന്റെ കരിയറിലെ വിജയങ്ങളിലും വെല്ലുവിളികളിലും ഒപ്പം നിന്ന ഭാര്യ സൂസന്‍ ഡൗണിക്കാണ് അദ്ദേഹം അവാര്‍ഡ് സമര്‍പ്പിച്ചത്.

ചിത്രത്തില്‍ ലൂയിസ് സ്‌ട്രോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡൗണിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടുകയും പ്രക്ഷക വിലയിരുത്തലുകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുകയും ചെയ്തിരുന്നു. സങ്കീര്‍ണ്ണമായ കഥാപാത്രത്തിലേക്കുള്ള ഡൗണിയുടെയാത്ര നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപോലെ പ്രശംസ നേടിയിരുന്നു.

തന്റെ അഭിനയ യാത്രയിലുടനീളം അചഞ്ചലമായ പിന്തുണ നല്‍കിയതിന് അക്കാദമിയോടും ഓപ്പണ്‍ഹൈമറിന്റെ അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും ആരാധകരോടും ഡൗണി നന്ദി രേഖപ്പെടുത്താന്‍ മറന്നില്ല.

1965 ഏപ്രിലില്‍ ജനിച്ച റോബര്‍ട്ട് ജോണ്‍ ഡൗണി ജൂനിയര്‍ ഒരു അമേരിക്കന്‍ നടനും ഗായകനുമെന്ന നിലയില്‍ പ്രശസ്തനാണ്. മാര്‍വെല്‍ കോമിക്കിലെ സൂപ്പര്‍ഹീറോയായ അയണ്‍ മാന്‍ എന്ന വേഷത്തിലൂടെ പ്രസസ്തനായ ഇദ്ദേഹത്തിന്റെ അഭിനയ അരങ്ങേറ്റം അഞ്ചാം വയസ്സില്‍ ആയിരുന്നു. 1992-ല്‍ പുറത്തിറങ്ങിയ ചാപ്ലിന്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അക്കാദമി അവാര്‍ഡിന് നാമനിര്‍ദ്ദേശം ലഭിക്കുകയും, മികച്ച നടനുള്ള ബാഫ്ത പുരസ്‌കാരം അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു. 2000ല്‍ മയക്കുമരുന്ന് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവെന്ന ബ്ലാക്മാര്‍ക്കും ഇദ്ദേഹത്തിന്റെ കരിയറിലുണ്ട്.

Robert Downey Jr. Dedicates Best Supporting Actor Oscar to Wife