വാക്സിൻ വിരുദ്ധ ച്രചാരകനായ റോബർട്ട് എഫ്. കെന്നഡി ജൂനിയർ അമേരിക്കയുടെ ആരോഗ്യ വകുപ്പിനെ നയിക്കും. ഹെൽത് ആൻഡ് ഹൂമൻ സർവീസസ് ഡിപാട്മെൻ്റിനെ നയിക്കാൻ കെന്നഡിയെ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് നാമനിർദേശം ചെയ്തു.
പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ കുഴപ്പക്കാരൻ എന്നു വിലയിരുത്തിയ ഒരു വ്യക്തിയെ ആരോഗ്യ വകുപ്പിന്റെ ചുമതല ഏൽപ്പിച്ചാണ് ട്രംപ് ഇത്തവണ വ്യത്യസ്തനായത്. മരുന്ന്, വാക്‌സിൻ, ഭക്ഷ്യ സുരക്ഷ എന്നിവ മുതൽ മെഡിക്കൽ ഗവേഷണം, സാമൂഹിക സുരക്ഷാ പദ്ധതികളായ മെഡികെയർ, മെഡികെയ്ഡ് എന്നിവ വരെ കൈകാര്യം ചെയ്യുന്ന വകുപ്പാണ് ഇത്.
“പൊതുജനാരോഗ്യത്തിൻ്റെ കാര്യത്തിൽ , ഭക്ഷ്യ – മരുന്ന് വ്യവസായ കമ്പനികളുടെ വഞ്ചനയിലും തെറ്റിധരിപ്പിക്കലുകളിലും അമേരിക്കക്കാർ അകപ്പെട്ടിരിക്കുകയാണ്. കുറേ നാളുകളായി ഇതു തുടരുന്നു. ഗുരുതരമായ ഈ പകർച്ചവ്യാധിയിൽ നിന്ന് അമേരിക്കയെ രക്ഷിക്കും” ട്രംപ് വ്യാഴാഴ്ച തൻ്റെ ട്രൂത്ത് സോഷ്യൽ സൈറ്റിലെ പോസ്റ്റിൽ കുറിച്ചു. അമേരിക്കയെ മരുന്നു മാഫിയയിൽ നിന്ന് രക്ഷിക്കാനുള്ള വ്യക്തിയായാണ് റോബർട്ട് എഫ്. കെന്നഡി ജൂനിയറെ ട്രംപ് അവതരിപ്പിക്കുന്നത്
ലോകത്തിലെ ഏറ്റവും പ്രമുഖ വാക്‌സിൻ വിരുദ്ധ പ്രവർത്തകരിൽ ഒരാളാണ് കെന്നഡി, വാക്‌സിനുകൾ ഓട്ടിസത്തിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു എന്ന വാദം വളരെക്കാലമായി അദ്ദേഹം മുന്നോട്ടു വയ്ക്കുന്നുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ കുടുംബങ്ങളിലൊന്നിൽ നിന്നുള്ള കെന്നഡി, അന്തരിച്ച അറ്റോർണി ജനറൽ റോബർട്ട് എഫ്. കെന്നഡിയുടെ മകനും മുൻ പ്രസിഡൻ്റ് ജോൺ എഫ്. കെന്നഡിയുടെ സഹോദര പുത്രനുമാണ്. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിത്വത്തിയാകാൻ ഇദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ പിന്നീട് സ്വതന്ത്രനായി മൽസരരംഗത്തു വന്നു. പിന്നീട് ട്രംപിനെ പിന്തുണച്ചു.
Robert F. Kennedy Jr is the new health secretary of USA