മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫ്രഞ്ച് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ സ്പാനിഷ് തിളക്കം. സമകാല ഫുട്‌ബോളിലെ മികച്ച ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരിലൊരാളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിക്കാണ് 2024 ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം. തുടര്‍ച്ചയായി രണ്ടാം തവണയും പുരസ്‌കാരം സ്വന്തമാക്കി സ്പാനിഷ് താരം ഐതാന ബോണ്‍മാറ്റി മികച്ച വനിത താരമായി. മികച്ച യുവതാരത്തിനുള്ള റെയ്മണ്ട് കോപ്പ പുരസ്‌കാരം FC ബാഴ്‌സലോണയുടെ സ്പാനിഷ്താരം ലമിന്‍ യമാല്‍ സ്വന്തമാക്കി.
30 അംഗ ചുരുക്കപ്പട്ടികയില്‍ ഇക്കുറി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഉള്‍പ്പെടാതിരുന്നതോടെ പുരസ്‌കാരം ആര് നേടുമെന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍ ഉള്‍പ്പെടെയുള്ള വമ്പന്‍മാരെ പിന്തള്ളിയും പ്രവചനങ്ങളെ അട്ടിമറിച്ചുമാണ് റോഡ്രി പുരസ്‌കാരത്തിന് അര്‍ഹനായത്. ചൊവ്വാഴ്ച പുലര്‍ച്ചെ പാരീസില്‍നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. യൂറോകപ്പില്‍ സ്പാനിഷ് ടീമിനായും ക്ലബ്ബ് ഫുട്‌ബോളില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്കായും കാഴ്ചവച്ച മികച്ച പ്രകടനമാണ് റോഡ്രിയെ പുരസ്‌കാരത്തിലേക്ക് നയിച്ചത്.
അതിനിടെ, വിനീസ്യൂസ് ജൂനിയറിന് പുരസ്കാരം നൽകാത്തതിൽ പ്രതിഷേധിച്ച് റയൽ മഡ്രിഡ് ചടങ്ങ് ബഹിഷ്കരിച്ചു. പുരുഷ ഫുട്ബോളിൽ മികച്ച ക്ലബിനും പരിശീലകനും സ്ട്രൈക്കർക്കുമുള്ള പുരസ്കാരങ്ങൾ സ്വീകരിക്കാൻ റയല്‍ പ്രതിനിധികളെത്തിയില്ല.
2023 ഓഗസ്റ്റ് ഒന്ന് മുതല്‍ 2024 ജൂലായ് 31 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.
റയല്‍ മാഡ്രിഡ് മികച്ച ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ടു. കാര്‍ലോ ആഞ്ചലോട്ടിക്കാണ് മികച്ച പരിശീലകനുള്ള പുരസ്‌കാരം. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസ് മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ പുരസ്‌കാരം നേടി. ഹാരി കെയ്നും കിലിയന്‍ എംബാപ്പെയും സീസണിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവര്‍ക്കുള്ള ഗ്രെഡ് മുള്ളര്‍ പുരസ്‌കാരം പങ്കുവെച്ചു. ഫ്രഞ്ച് മാസികയായ ഫ്രാന്‍സ് ഫുട്‌ബോളാണ് പുരസ്‌കാരം നല്‍കുന്നത്.
Rodri and Aitana in Ballon d’Or achievement