‘പാരീസില്‍ നടന്നത് അവസാന മത്സരം’; ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹന്‍ ബൊപ്പണ്ണ

ഇന്ത്യൻ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ. 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം. ഞായറാഴ്ച നടന്ന പുരുഷ ഡബിള്‍സ് ഓപ്പണിങ് റൗണ്ടില്‍ ഫ്രാന്‍സിന്റെ എഡ്വാര്‍ഡ് റോജര്‍ വാസെലിന്‍-ജെല്‍ മോന്‍ഫില്‍സിനോട് ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം പരാജയപ്പെട്ടിരുന്നു. ഒരു മണിക്കൂറും 16 മിനിറ്റും നീണ്ട മത്സരത്തിൽ ബൊപ്പണ്ണ-എൻ ശ്രീറാം ബാലാജി സഖ്യം 5-7, 2-6 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.

ഇതോടെ, ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ബൊപ്പണ്ണ പങ്കെടുക്കില്ലെന്ന് ഉറപ്പായി. 2016ൽ റിയോയിൽ നടന്ന മത്സരത്തിൽ സാനിയ മിർസയ്‌ക്കൊപ്പം മിക്‌സഡ് ഡബിൾസിൽ നാലാം സ്ഥാനത്തെത്തിയതിന് ശേഷം മെഡൽ നേടാനുള്ള അവസരം അദ്ദേഹത്തിന് നഷ്‌ടമായിയിരുന്നു. 1996-ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് സിംഗിള്‍സില്‍ വെങ്കലം നേടിയതിനുശേഷം ഇതുവരെ ഇന്ത്യക്ക് ടെന്നീസില്‍ മെഡല്‍ ലഭിച്ചിട്ടില്ല.

22-ാം വയസ്സിൽ ഇന്ത്യയ്‌ക്കുവേണ്ടി അരങ്ങേറ്റം കുറിച്ചതാണ് ബൊപ്പണ്ണ. പാരീസ് ഒളിമ്പിക്‌സിലെ മത്സരം രാജ്യത്തിനായുള്ള തന്റെ അവസാന മത്സരമാണെന്ന് ബൊപ്പണ്ണ വ്യക്തമാക്കി. ഡേവിസ് കപ്പില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

“ഇത് തീര്‍ച്ചയായും രാജ്യത്തിനായുള്ള എന്റെ അവസാന മത്സരമായി മാറും. ഞാന്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഇടംതന്നെ വലിയ ബോണസാണ്. രണ്ട് പതിറ്റാണ്ടോളം ഇന്ത്യയെ പ്രതിനിധാനം ചെയ്യാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 2002-ല്‍ ഇന്ത്യക്ക് അരങ്ങേറ്റം കുറിച്ച എനിക്ക് ഇപ്പോഴും ഇന്ത്യയെ പ്രതിനിധാനം ചെയ്യാനാവുന്നു. അതില്‍ അങ്ങേയറ്റത്തെ അഭിമാനമുണ്ട്,” ബൊപ്പണ്ണ പറഞ്ഞു.

More Stories from this section

family-dental
witywide