ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്തേക്ക് വീണ്ടും ബിജെപിയുടെ ബന്ധുനിയമനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ, ജയ് ഷായ്ക്കു പകരക്കാരനായി എത്തുന്നത്, മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന അന്തരിച്ച അരുൺ ജെയ്റ്റ്ലിയുടെ മകൻ രോഹൻ ജെയ്റ്റ്‌ലിയെന്ന് വിവരം. ഹിന്ദി മാധ്യമമായ ‘ദൈനിക് ഭാസ്‌കർ’ ആണ് ബോർഡ് വൃത്തങ്ങളെ ഉദ്ധരിച്ചു വിവരം പുറത്തുവിട്ടിരിക്കുന്നത്.
ജയ് ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഐ.സി.സി) ചെയർമാനായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണു പകരക്കാരന്റെ പേരുകൾ ചർച്ചകളിൽ നിറയുന്നത്. നിലവിലെ ഐ.സി.സി ചെയർമാൻ ന്യൂസിലൻഡുകാരനായ ഗ്രെഗ് ബാർക്ലേയുടെ കാലാവധി 2024 നവംബർ 30ന് അവസാനിക്കും. ഐ.സി.സി തലപ്പത്ത് രണ്ടാമൂഴമാണിത് ബാർക്ലേയ്ക്ക്. ഇനിയും പദവിയിൽ തുടരാൻ താൽപര്യമില്ലെന്നു കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മുൻ ബിസിസിഐ പ്രസിഡന്റും ഐസിസി ചെയർമാനുമായിരുന്ന ജഗ്‌മോഹൻ ഡാൽമിയയുടെ മകൻ അവിഷേക് ഡാൽമിയയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. മുൻപ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു അവിഷേക്. എന്നാൽ, നിലവിൽ രോഹൻ ജയ്‌റ്റ്‌ലിയുടെ പേരിനാണ് മുൻഗണനയെന്നാണ് വിവരം.