രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യക്ക് സ്വന്തം. സെഞ്ചുറി നേടിയ നായകൻ രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും അർധ സെഞ്ചുറി നേടിയ അരങ്ങേറ്റക്കാരൻ സര്‍ഫറാസ് ഖാനും ചേർന്നാണ് തുടക്കത്തിലെ കൂട്ടത്തകർച്ചയിൽ നിന്നും ഇന്ത്യയെ കരകയറ്റിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെന്ന നിലയിലാണ്. 110 റണ്‍സുമായി രവീന്ദ്ര ജഡേജയും ഒരു റണ്ണുമായി നൈറ്റ് വാച്ച്‌മാന്‍ കുല്‍ദീപ് യാദവുമാണ് ക്രീസില്ലുള്ളത്. നേരത്തെ 33 ന് 3 എന്ന നിലയിൽ നിന്നും രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും ചേർന്നുള്ള ഇരട്ട സെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യക്ക് തുണയായത്. രോഹിത് 131 റണ്‍സെടുത്ത് പുറത്തായപ്പോള്‍ രവീന്ദ്ര ജഡേജ 110 റൺസുമായി ബാറ്റ് വീശുകയാണ്. അരങ്ങേറ്റ ടെസ്റ്റ് കളിച്ച സര്‍ഫറാസ് ഖാന്‍ 66 പന്തില്‍ 61 റണ്‍സ് അടിച്ചുകൂട്ടിയതും ഇന്ത്യൻ നിരയ്ക്ക് മുതൽക്കൂട്ടായി. യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാടീദാര്‍ എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനം ഇന്ത്യക്ക് നഷ്ടമായത്. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റെടുത്തു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ അക്ഷരാർത്ഥത്തിൽ ഇംഗ്ലണ്ട് ഞെട്ടിക്കുകയായിരുന്നു. 9 ഓവറിൽ 33 റൺസിനിടെ മൂന്നു വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. യശസ്വി ജയ്സ്വാൾ (10 പന്തിൽ 10), ശുഭ്മൻ ഗിൽ (പൂജ്യം), രജത് പട്ടീദാർ (15 പന്തിൽ 5) എന്നിവർ വേഗം മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. തുടർച്ചയായി വിക്കറ്റുകൾ വീണതോടെ രക്ഷാപ്രവർത്തനത്തിനായി ജഡേജയെ നേരത്തെ ഇറക്കുകയായിരുന്നു. ഇത് ഇന്ത്യക്ക് ഗുണം ചെയ്തു. ഇംഗ്ലണ്ടിന്‍റെ പേസ് – സ്പിൻ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച രോഹിത് – ജഡേജ സഖ്യം 204 റൺസാണ് ഇന്ത്യൻ സ്കോർ ബോർഡിലേക്ക് സംഭാവന ചെയ്തത്. ചായക്ക് ശേഷം സെഞ്ചുറി തികച്ച രോഹിത് ഒടുവില്‍ മാര്‍ക്ക് വുഡിന്‍റെ ഷോര്‍ട്ട് ബോള്‍ തന്ത്രത്തിലാണ് പുറത്തായത്. പിന്നീടെത്തിയ സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റക്കാരന്‍റെ പതര്‍ച്ചയില്ലാതെ അടിച്ചു തകര്‍ത്തതോടെ ഇന്ത്യ സുരക്ഷിത സ്കോറിലേക്ക് നീങ്ങി. ഇന്ത്യക്കായി അരങ്ങേറ്റ താരം നേടുന്ന അതിവേഗ അർധ സെഞ്ചുറി (48) പന്തില്‍ സ്വന്തമാക്കിയ സര്‍ഫറാസ് ആദ്യ ദിനം കളി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. 62റണ്‍സെടുത്ത് സര്‍ഫറാസ് പുറത്തായശേഷം 198 പന്തില്‍ സെഞ്ചുറിയിലെത്തിയ ജഡേജ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ 326 ല്‍ എത്തിച്ചു. അഞ്ച് വിക്കറ്റ് ശേഷിക്കെ കൂറ്റൻ സ്കോറിലേക്ക് ടീം എത്തുമെന്നാണ് പ്രതീക്ഷ.
Rohit, Jadeja score centuries India vs England Live 3rd Test Day 1 IND 326/5 at Stumps