വ്യാഴാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന അനുമോദന ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ ടി20 ലോകകപ്പ് ട്രോഫി മുഴുവൻ രാജ്യത്തിനും സമർപ്പിക്കുന്നതായി അറിയിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കാർ വ്യാഴാഴ്ച പുലർച്ചെയാണ് ന്യൂഡൽഹിയിൽ വിമാനമിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട ശേഷം മുംബൈയിലെത്തിയ ടീം ഇന്ത്യ അനുമോദന ചടങ്ങിന് മുന്നോടിയായുള്ള വിക്ടറി പരേഡിൽ പങ്കെടുത്തു.
“ഈ ട്രോഫി മുഴുവൻ രാജ്യത്തിനും വേണ്ടിയാണ്. രാജ്യത്തെ പ്രതിനിധീകരിച്ച എല്ലാ കളിക്കാർക്കുമൊപ്പം, 11 വർഷമായി കാത്തിരിക്കുന്ന ഞങ്ങളുടെ ആരാധകർക്ക് ഇത് സമർപ്പിക്കാൻ ആഗ്രഹിക്കുന്നു,”രോഹിത് പറഞ്ഞു. മുംബൈയിലെ കാണികളെയും എല്ലാ ക്രിക്കറ്റ് ആരാധകരെയും രോഹിത് അഭിനന്ദിച്ചു.
“മുംബൈ ഒരിക്കലും നിരാശപ്പെടുത്തില്ല. ശക്തമായ സ്വീകരണമാണ് ഞങ്ങൾക്ക് ലഭിച്ചത്. ടീമിനെ പ്രതിനിധീകരിച്ച് ഞങ്ങൾ ആരാധകരോട് നന്ദി പറയുന്നു. ഞാൻ വളരെ സന്തോഷത്തിലും ആശ്വാസത്തിലുമാണ്,” രോഹിത് പറഞ്ഞു.
2024 ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്തിയ താരങ്ങളഇൽ ഒരാളായ ഹർദിക് പാണ്ഡ്യയെ രോഹിത് പ്രശംസിച്ചു. ലോകകപ്പ് ടി20 ഫൈനലിൽ ഹർദിക് പാണ്ഡ്യയുടെ നിർണായക ഓവറുകളാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയക്കായി മികച്ച പ്രകടനം നടത്തിയ ഹെൻറിച്ച് ക്ലാസനെയും ഡേവിഡ് മില്ലറെയും അടക്കം മൂന്ന് വിക്കറ്റാണ് ഹർദിക് നേടിയത്.
“ഹർദിക് ആണ് ഞങ്ങൾക്ക് വേണ്ടി അവസാന ഓവർ എറിഞ്ഞത്. ആ ഓവറിൽ പന്തെറിയാൻ എറിയാൻ വളരെയധികം സമ്മർദ്ദമുണ്ടാകും. പക്ഷേ അദ്ദേഹത്തിന് ഹാറ്റ്സ് ഓഫ്.” ഹർദിക് എഴുന്നേറ്റ് നിന്ന് നന്ദി സൂചകമായി വണങ്ങിയപ്പോൾ ചുറ്റും കൂടിനിന്ന കാണികൾ ആവേശത്തോടെ അദ്ദേഹത്തിന്റെ പേര് ഉറക്കെ വിളിച്ചു.
ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ നേരിൽ കാണാൻ മുംബൈയിൽ ജനസാഗരമാണ് ഒഴുകിയെത്തിയത്. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത് ശര്‍മയെയും സംഘത്തെയും വലിയ സ്നേഹവായ്പുകളോടെയും ആഹ്ളാദാരവങ്ങോടെയുമാണ് ആരാധകര്‍ സ്വീകരിച്ചത്.