ബാർബഡോസ്: ടി 20 ലോകകപ്പിൽ വിശ്വ വിജയം നേടി കിരീടത്തിൽ മുത്തമിട്ട മണ്ണിന്റെ രുചിയറിഞ്ഞ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. 11 വർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കിരീട ദാരിദ്രത്തിന് അന്ത്യം കുറിച്ച ബാർബഡോസിലെ പിച്ചിലാണ് ഹിറ്റ്‌മാൻ മുട്ടുകുത്തിയിരുന്ന് മുത്തമിട്ട ശേഷം മണ്ണ് രുചിച്ചത്. കിരീട വിജയത്തിന് പിന്നാലെയാണ് രോഹിത് ശർമ്മ പിച്ചിലെത്തിയതും ഒരു തരി മണ്ണ് രുചിച്ച് നോക്കിയതും. ഇന്ത്യൻ നായകൻ മണ്ണ് രുചിക്കുന്നത് ബി സി സി ഐയും ഐ സി സിയുമടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ആരാധകർ ഏറ്റെടുത്തതോടെ വീഡിയോ വൈറൽ ആണ്.
https://www.instagram.com/reel/C80j9I5Sq7Z/?igsh=bndrMDI0b2V6aW5t
അതേസമയം ഇന്നലെ നടന്ന കലാശക്കളിയിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. 59 പന്തിൽ 76 റൺസെടുത്ത വിരാട് കോഹ്‍ലിയാണ് മത്സരത്തിലെ താരം. ലോകകപ്പിൽ ഇതുവരെ ഫോമിലാകാതിരുന്ന കോഹ്‍ലി ഫൈനലിലെ ഇന്ത്യയെ തകർച്ചയ്ക്ക് വിട്ടുകൊടുത്തില്ല. അക്സർ പട്ടേലിന്റെ 47 റൺസ് കൂടിയായപ്പോൾ ഇന്ത്യ മികച്ച സ്കോറിലേക്ക് ഉയർന്നു. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ സാധിച്ചുള്ളു. ഹെൻറിച്ച് ക്ലാസൻ 27 പന്തിൽ 52 റൺസെടുത്ത് പുറത്താകും വരെ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു വിജയസാധ്യതകൾ. എന്നാൽ അവസാന ഓവറുകളിൽ ശക്തമായി തിരിച്ചുവന്ന ഇന്ത്യൻ ടീം മത്സരം തിരിച്ചുപിടിച്ചു.