മുംബൈ: ഏകദിന ക്രിക്കറ്റിലും ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ നായകസ്ഥാനനത്ത് രോഹിത് ശർമ്മ തുടരുമെന്ന് ബി സി സി ഐ പ്രഖ്യാപിച്ചു. ബി സി സി ഐ സെക്രട്ടറി ജയ് ഷയാണ് ഇക്കാര്യം ഇന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഏകദിന ക്രിക്കറ്റിലും ടെസ്റ്റ് മത്സരങ്ങളിലും ഒരു വർഷം കൂടി ഹിറ്റ്മാൻ നായകനായി തുടരുമെന്നാണ് ജയ്ഷാ വ്യക്തമാക്കിയിരിക്കുന്നത്. 2025 ലെ ഏകദിന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിലും അടുത്ത വർഷം നടക്കാനിരിക്കുന്ന മൂന്നാം ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും രോഹിത് തന്നെയാകും ഇന്ത്യയെ നയിക്കുക. രോഹിതിന്റെ ക്യാപ്റ്റൻസിയിൽ ഏകദിന ചാമ്പ്യൻസ് ട്രോഫിയും ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഇന്ത്യ സ്വന്തമാക്കുമെന്ന ആത്മവിശ്വാസവും ജയ്ഷാ പ്രകടിപ്പിച്ചു.
അതേസമയം ടി 20 യിൽ നിന്ന് രോഹിത് വിരമിച്ചതോടെ പുതിയ നായകനെ ബി സി സി ഐ വൈകാതെ പ്രഖ്യാപിക്കേണ്ടിവരും. ഹർദ്ദിക് പാണ്ഡ്യയും ജസ്പ്രിത് ബുംറയുമടക്കമുള്ളവർ ടി 20 നായകസ്ഥാനത്തേക്ക് ബി സി സി ഐയുടെ പരിഗണനയിലുണ്ടെന്നാണ് വ്യക്തമാകുന്നത്. രാഹുൽ ദ്രാവിഡിന് പകരക്കാരനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനായി ആരെത്തും എന്നതിലും ആകാക്ഷ തുടരുകയാണ്.