അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മേൽക്കൂരയിൽ ചോർച്ച; പ്രാർത്ഥന വഴിമുട്ടുമെന്ന് മുഖ്യ പുരോഹിതൻ

അയോധ്യ: അയോധ്യയിൽ രാമക്ഷേത്രം തുറന്ന് അഞ്ച് മാസം പിന്നിടുമ്പോൾ, മഴക്കാലത്ത് മേൽക്കൂരയിലൂടെ വെള്ളം അകത്തേക്ക് ചോരുന്നുവെന്ന പരാതിയുമായി പ്രധാന പുരോഹിതൻ. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിന്റെ മേല്‍ക്കൂര ആദ്യ മഴയില്‍ തന്നെ ചോരാന്‍ തുടങ്ങിയെന്ന് മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറയുന്നു. ഇക്കഴിഞ്ഞ ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയത്.

“ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തുകയും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുകയും വേണം. ഇത് വളരെ പ്രധാനമാണ്. ക്ഷേത്രത്തിൽ നിന്ന് വെള്ളം ഒഴുകിപ്പോകാൻ ഇടമില്ല. ഇത് വളരെ ആശ്ചര്യകരമാണ്. നിരവധി എഞ്ചിനീയർമാർ ഇപ്പോഴും ഇവിടെയുണ്ട്. ജനുവരി 22 നാണ് പ്രാണ പ്രതിഷ്ഠ നടത്തിയത്. പക്ഷെ ഇപ്പോഴേ മേൽക്കൂരയിൽ നിന്ന് വെള്ളം ഒഴുകുന്നു,” സത്യേന്ദ്ര ദാസ് പറഞ്ഞു.

മഴ ശക്തി പ്രാപിക്കുകയാണെങ്കില്‍ ക്ഷേത്രത്തില്‍ ആരാധന നടത്താന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം നിലയിൽനിന്ന് മഴവെള്ളം ചോർന്നൊലിക്കുന്നതായി ക്ഷേത്ര നിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്രയും സ്ഥിരീകരിച്ചു. മേൽക്കൂര നന്നാക്കുന്നതിനും വാട്ടർപ്രൂഫ് ചെയ്യുന്നതിനും നിർദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.

“ഞാൻ അയോധ്യയിലാണ്. ഒന്നാം നിലയിൽ നിന്ന് മഴവെള്ളം ഒലിച്ചിറങ്ങുന്നത് ഞാൻ കണ്ടു. ഗുരു മണ്ഡപം ആകാശത്തേക്കു തുറന്നു കിടക്കുന്നതിനാൽ ചോർച്ചയ്ക്കു സാധ്യതയുണ്ട്. എല്ലാ മണ്ഡപങ്ങളിലും വെള്ളം വാർന്നൊലിക്കാൻ ചെരിവുള്ളതിനാൽ ശ്രീകോവിലിൽ മാത്രമായി പ്രത്യേകം സൗകര്യമില്ല. പ്രതിഷ്ഠയിൽ ഭക്തർ അഭിഷേകം നടത്തുന്നില്ല. രൂപകൽപനയിലോ നിർമാണത്തിലോ പ്രശ്‌നമില്ല,“ നൃപേന്ദ്ര പറഞ്ഞു.

More Stories from this section

family-dental
witywide