
ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ മുസ്ലീങ്ങള്‍ പള്ളികളിലും ദര്‍ഗകളിലും ജയ് ശ്രീറാം മുഴക്കണം എന്ന് ആര്‍എസ്എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാര്‍. ജനുവരി 22 ന് ആണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്ന സമയത്ത് ജയ് ശ്രീറാം വിളിക്കണം എന്നാണ് ഇന്ദ്രേഷ് കുമാറിന്റെ അഭ്യര്‍ത്ഥന. ‘രാമമന്ദിര്‍, രാഷ്ട്ര മന്ദിര്‍ – എ കോമൺ ഹെറിറ്റേജ്’ എന്ന പുസ്തകം പ്രകാശനം ചെയ്യാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മുസ്ലീങ്ങളിലും മറ്റ് അഹിന്ദുക്കളിലുമുള്ള 99 ശതമാനവും രാജ്യത്തെ പൗരന്‍മാരാണ് എന്നും നമുക്കെല്ലാവര്‍ക്കും പൊതുവായ പൂര്‍വീകര്‍ ആണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു. ‘അവര്‍ മതം മാറിയിരിക്കുന്നു, രാജ്യമല്ല’, അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്ലാം, ക്രിസ്ത്യന്‍, സിഖ് തുടങ്ങി മറ്റേതെങ്കിലും മതം അനുഷ്ഠിക്കുന്ന ആളുകളോട് അയോധ്യയിലെ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കാന്‍ അതാത് മതസ്ഥലങ്ങളില്‍ ‘സമാധാനം, ഐക്യം, സാഹോദര്യം’ എന്നിവയ്ക്കായി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്നും ഇന്ദ്രേഷ് കുമാര്‍ അഭ്യര്‍ത്ഥിച്ചു. ആര്‍ എസ് എസ് അനുബന്ധ സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ (എംആര്‍എം) മുഖ്യ രക്ഷാധികാരി കൂടിയാണ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
‘നമുക്ക് പൊതുവായ പൂര്‍വ്വികരും പൊതുവായ മുഖങ്ങളും പൊതുവായ സ്വപ്ന സ്വത്വവുമുണ്ട്. നാമെല്ലാവരും ഈ രാജ്യക്കാരാണ്, നമുക്ക് വിദേശികളുമായി ഒരു ബന്ധവുമില്ല. ദര്‍ഗകളിലും മക്തബുകളിലും മദ്രസകളിലും മസ്ജിദുകളിലും 11 തവണ ‘ശ്രീറാം ജയ് റാം ജയ് ജയ് റാം’ എന്ന് മുഴക്കണം,’ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.