ഉത്തർപ്രദേശിൽ ഇന്ത്യാ സഖ്യത്തിന്റെ  റാലിയിലേക്ക് ജനസാഗരം ഇരച്ചു കയറി; സംസാരിക്കാനാകാതെ രാഹുലും അഖിലേഷും വേദിവിട്ടു


ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിലേക്ക് ആള്‍ക്കൂട്ടം ഇരച്ചു കയറിയതോടെ ജനത്തെ അഭിസംബോധന ചെയ്യാന്‍ കഴിയാതെ രാഹുല്‍ ഗാന്ധിക്കും അഖിലേഷ് യാദവിനും വേദിവിടേണ്ടിവന്നു. ബാരിക്കേഡുകള്‍ മറികടന്നും പ്രവര്‍ത്തകര്‍ ഇരച്ചെത്തി, തിക്കുംതിരക്കും സുരക്ഷാ ഭീഷണിയിലേക്ക് നയിച്ചതോടെ നേതാക്കള്‍ റാലി വെട്ടിച്ചുരുക്കി വേദിവിട്ടു.  

പ്രയാഗ് രാജിലെ ഫുല്‍പുര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പാഡിലയില്‍ നടന്ന പൊതുയോഗത്തിലാണ് സംഭവം. കോണ്‍ഗ്രസ്, എസ്പി പ്രവര്‍ത്തകര്‍ നിയന്ത്രണങ്ങള്‍ മറികടന്ന് വേദിയിലേക്ക് കയറാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. അഖിലേഷും രാഹുലും പാര്‍ട്ടി പ്രവര്‍ത്തകരോട് ശാന്തരാകാനും ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചെങ്കിലും ഉള്‍ക്കൊണ്ടില്ല. ആവേശഭരിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പാടുപെട്ടു.


തുടര്‍ന്ന് ഇരുവരും ചര്‍ച്ച നടത്തി വേദി വിടാന്‍ തീരുമാനിക്കുകയായിരുന്നു. ഫുല്‍പുരിലെ റാലി വിട്ട ശേഷം രാഹുലും അഖിലേഷും അലഹബാദ് പാര്‍ലമെന്റ് സീറ്റിന് കീഴിലുള്ള പ്രയാഗ്രാജ് ജില്ലയിലെ രണ്ടാമത്തെ റാലിക്കായി മുംഗരിയില്‍ എത്തി. ഈ റാലിയിലും സമാനമായ സാഹചര്യം ഉണ്ടായി. ഇവിടെയും ആവേശഭരിതരായ ജനക്കൂട്ടം ബാരിക്കേഡുകള്‍ തകര്‍ത്ത് വേദിയിലേക്ക് എത്താന്‍ ശ്രമിച്ചു.  

More Stories from this section

family-dental
witywide