മണിപ്പുർ മുഖ്യമന്ത്രി രാജി വയ്ക്കുമോ? സഖ്യകക്ഷി എംഎൽഎമാർ ഡൽഹിയിൽ

ഇംഫാൽ: മണിപ്പൂരിൽ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായി തുടരുന്നതിനിടെ,ചില എംഎൽഎമാർ ഡൽഹിയിൽ എത്തിയതായി വിവരം.

തൻ്റെ പാർട്ടിയിലെയും സഖ്യകക്ഷികളിലെയും ചില എംഎൽഎമാർ ഡൽഹിയിലുണ്ടെന്ന് മുഖ്യമന്ത്രി ബീരേൻ സിംഗും സമ്മതിച്ചു. എന്നാൽ രാജി വയ്ക്കുമെന്ന അഭ്യൂഹങ്ങൾ അദ്ദേഹം തള്ളി.

ബിജെപിയുടെയും സഖ്യകക്ഷികളായ നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്), നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), ജെഡിയു എന്നീ പാർട്ടികളുടെ എംഎൽഎമാർ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ബീരേൻ സിംഗിനു മേൽ സമ്മർദം ചെലുത്തുന്നതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

2017ൽ മുഖ്യമന്ത്രിയായതിന് ശേഷം സിങ്ങിനെ മാറ്റാൻ ബിജെപി നേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ പലതവണ നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് 3 ന് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ഈ ആവശ്യം ബലപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ബിജെപി കേന്ദ്ര നേതൃത്വം ഇത് ചെവിക്കൊണ്ടില്ല. പക്ഷേ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മണിപ്പൂരിലെ 2 ലോക്സഭ സീറ്റുകളിലും ബിജെപി പരാജയപ്പെട്ടത് നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ 60 അസംബ്ലി സീറ്റുകളിൽ 53 എണ്ണവും എൻഡിഎക്കാണ്. ബിജെപിക്ക് മാത്രം 37 സീറ്റുകളുണ്ട്. എൻഡിഎ സഖ്യകക്ഷികളുമായി കഴിഞ്ഞ ദിവസം രാത്രി കൂടിക്കാഴ്ച നടത്തിയതായും മണിപ്പുരിലെ ശാശ്വത സമാധാനത്തിനുള്ള ഒരു മെമ്മോറാണ്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിക്കാൻ തീരുമാനിച്ചതായും ബീരേൻ സിങ് പറഞ്ഞു.

‘പ്രധാനമന്ത്രി മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഞങ്ങൾ ഡൽഹിയിൽ എത്തി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ പാർലമെൻ്റ് നടക്കുന്നതിനാൽ, ശല്യപ്പെടുത്തേണ്ട എന്നു ഞാൻ കരുതി. തിരക്കു കുറഞ്ഞിട്ട് പോകാമെന്ന് കരുതി. അവർ കുറച്ചു നേരത്തേ പോയി എന്നേയുള്ളു. എൻ്റെ രാജിയുമായി ഈ കൂടിക്കാഴ്ചയ്ക്ക് ഒരു ബന്ധവുമില്ല’ -ബിരേൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

rumors About leadership Change in Manipur

More Stories from this section

family-dental
witywide