വാഷിംഗ്ടണ്‍: റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്ന് വൈറ്റ് ഹൗസ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചാണ് ഞങ്ങള്‍ക്ക് ആശങ്കയെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് പുടിന് ഉത്തരകൊറിയ സന്ദര്‍ശിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് അമേരിക്ക ആശങ്ക പങ്കുവെച്ചത്.
ഈ ആശങ്ക ഉക്രേനിയന്‍ ജനതയില്‍ ഉണ്ടാക്കാന്‍ പോകുന്ന ആഘാതം മാത്രമല്ല, ഉക്രൈനെ തകര്‍ക്കാന്‍ ഉത്തരകൊറിയന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാമെന്നും പുടിന്റെ ഉത്തരകൊറിയ യാത്രയല്ല, എന്നാല്‍ സുരക്ഷയെ ബാധിച്ചേക്കാവുന്ന ചില പരസ്പര ബന്ധങ്ങള്‍ ഇവിടെ ഉണ്ടായേക്കാം എന്നതിനാലാണ് ഈ ആശങ്കയെന്നും കിര്‍ബി പറഞ്ഞു.
റഷ്യയുടെ അധിനിവേശത്തില്‍ തളര്‍ന്നിരിക്കുന്ന ഉക്രൈന് അമേരിക്ക പിന്തുണ നല്‍കുകയും യുദ്ധ സാമഗ്രികള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്തുവരികയുമാണ്. റഷ്യ ഉത്തരകൊറിയയുമായി അടുക്കുമ്പോള്‍ അത് ഉക്രൈനെ പ്രതികൂലമായി ബാധിക്കുമെന്നാണ് അമേരിക്ക ഉറച്ച് വിശ്വസിക്കുന്നത്. അമേരിക്ക യുക്രൈന് നല്‍കിയ സൈനിക ഉപകരണങ്ങളുടെ വലിയൊരു ഭാഗം സ്വന്തം ആയുധ ശേഖരത്തില്‍ നിന്നാണ് കൊടുത്തിരിക്കുന്നത്. ‘പ്രസിഡന്‍ഷ്യല്‍ ഡ്രോഡൗണ്‍’ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.