ബൈഡന്‍റെ ‘റഷ്യയെ തോൽപ്പിക്കുക’ നയത്തിന് റഷ്യയുടെ തിരിച്ചടി; 92 അമേരിക്കൻ പൗരന്മാര്‍ക്ക് പ്രവേശന വിലക്കേർപ്പെടുത്തി

മോസ്‌കോ: 92 അമേരിക്കൻ പൗരന്മാര്‍ക്ക് റഷ്യയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. വ്യവസായികളും അധ്യാപകരും മാധ്യമപ്രവര്‍ത്തകരുമടക്കമുള്ളവര്‍ക്കാണ് റഷ്യ വിലക്കേർപ്പെടുത്തിയത്. യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ ‘റഷ്യയെ തോല്‍പിക്കുക’ എന്ന നയത്തിനുള്ള മറുപടിയാണ് വിലക്കെന്ന് റഷ്യന്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

വാള്‍ സ്ട്രീറ്റ് ജേണലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എമ്മ ടക്കര്‍ അടക്കം നിലവിലെയും മുമ്പത്തെയും സ്റ്റാഫ് അംഗങ്ങളായ 11 പേര്‍ പുതിയ പട്ടികയിലുണ്ട്. കിയവ് ബ്യൂറോ ചീഫ് ആന്‍ഡ്രൂ ക്രാമര്‍ ഉള്‍പ്പെടെ ന്യൂയോര്‍ക് ടൈംസിന്റെ അഞ്ചു പേര്‍ക്കും വാഷിങ്ടണ്‍ പോസ്റ്റിന്റെ നാലുപേര്‍ക്കും വിലക്ക് ബാധകമാണ്. അമേരിക്കന്‍ ബഹിരാകാശ സേനയില്‍ നിന്നുള്ള സൈനിക കമാന്‍ഡര്‍മാരും നിരവധി യുഎസ് ട്രഷറി ഉദ്യോഗസ്ഥരും ഉപരോധ പട്ടികയിലുണ്ട്.

ബൈഡൻ ഭരണകൂടം പിന്തുടരുന്ന റുസോഫോബിക് കോഴ്‌സിന് മറുപടിയായാണ് നടപടി സ്വീകരിച്ചതെന്നും വിദേശ കാര്യ മന്ത്രാലയം വിശദീകരിച്ചു. ഇതുവരെ 2000ല്‍ പരം അമേരിക്കൻ പൗരന്മാരെയാണ് റഷ്യ രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത്.