ഗാസ വെടിനിർത്തൽ: യുഎസ് പിന്തുണച്ച പ്രമേയം യുഎന്നിൽ റഷ്യയും ചൈനയും വീറ്റോ ചെയ്തു

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന യുഎൻ പ്രമേയം പരാജയം. യുഎസ് പിന്തുണയുളള പ്രമേയം ഐക്യരാഷ്ട്ര (യുഎൻ) രക്ഷാസമിതിയിൽ റഷ്യയും ചൈനയും വീറ്റോ ചെയ്തതോടെ പരാജയപ്പെട്ടു.

15 കൗൺസിൽ അംഗങ്ങളിൽ 11 പേരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌തെങ്കിലും റഷ്യയും ചൈനയും വീറ്റോ ചെയ്തു.
സെക്യൂരിറ്റി കൗൺസിലിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ തയ്യാറാക്കിയ ബദൽ പ്രമേയത്തിൽ വോട്ടിങ് ശനിയാഴ്ച രാവിലെ 10 മണിക്ക് കൗൺസിൽ യോഗം ചേരുമ്പോൾ നടക്കും.
മുസ്ലീം വിശുദ്ധ മാസമായ റമദാനിൽ ഉടനടി വെടിനിർത്തൽ, എല്ലാ ബന്ദികളുടേയും മോചനം, ഗാസയിലേക്ക് ആവശ്യത്തിന് മാനുഷിക സഹായം എത്തിക്കൽ എന്നിവയാണ് അതിലുളളത്. എന്നാൽ ഒരു പൂർണയുദ്ധവിരാമം ഈ പ്രമേയങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

അതിനിടെ, ഇന്നലെ പുലർച്ചെ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ഗാസ സിറ്റിയിൽ ഒരു വീട്ടിലെ 10 പേരും കിഴക്കൻ റഫയിൽ ഒരു വീട്ടിലെ 8 പേരും കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ ഇസ്രയേൽ സൈനിക അതിക്രമം അഞ്ചാം ദിവസത്തിലേക്കു കടന്നു. നൂറുകണക്കിനു രോഗികളെയും അഭയാർഥികളെയും ആരോഗ്യപ്രവർത്തകരെയും ബലമായി ഒഴിപ്പിച്ചു. ആശുപത്രിയിൽ നൂറുകണക്കിനു ഹമാസുകാരെ കൊന്നെന്നും 500 പേരെ അറസ്റ്റ് ചെയ്തെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.

Russia, China vetoed US-led UN resolution on ceasefire in Gaza